നിലമ്പൂരിൽ നാളെ മുതൽ അബ്ബാസ് അലി തങ്ങൾ പ്രചാരണത്തിനുണ്ടാവുമെന്ന് യുഡ‍ിഎഫ് കൺവീനർ; 'അൻവർ അടഞ്ഞ അധ്യായം'

Published : Jun 02, 2025, 08:45 PM IST
നിലമ്പൂരിൽ നാളെ മുതൽ അബ്ബാസ് അലി തങ്ങൾ പ്രചാരണത്തിനുണ്ടാവുമെന്ന് യുഡ‍ിഎഫ് കൺവീനർ; 'അൻവർ അടഞ്ഞ അധ്യായം'

Synopsis

യുഡിഎഫ് കൺവൻഷനിൽ പാണക്കാട് കുടുംബാംഗങ്ങളുടെ അസാന്നിധ്യം ചർച്ചയായതിന് പിന്നാലെ അബ്ബാസ് അലി തങ്ങൾ നാളെ പ്രചാരണത്തിനുണ്ടാവുമെന്ന് യുഡിഎഫ് കൺവീനർ

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് കൺവൻഷനിലെ പാണക്കാട് കുടുംബാംഗങ്ങളുടെ അസാന്നിധ്യം ചർച്ചയായതിന് പിന്നാലെ അബ്ബാസ് അലി തങ്ങൾ നാളെ മുതൽ പ്രചാരണത്തിനിറങ്ങുമെന്ന് യുഡിഎഫ് നേതൃത്വം. നിലമ്പൂർ മണ്ഡലത്തിലെ പോത്തുകല്ലിൽ അബ്ബാസ് അലി തങ്ങൾ പ്രചാരണം ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി. പി.വി അൻവർ അടഞ്ഞ അധ്യായമെന്ന് പറഞ്ഞ അടൂർ പ്രകാശ് നിലമ്പൂരിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും പ്രതികരിച്ചു. കെ.സുധാകരനും, രമേശ് ചെന്നിത്തലയും തെരെഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാതിരുന്നതിൽ അസ്വഭാവികതയല്ല. ഇരുവരും നേരത്തെ തന്നെ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചിരുന്നുവെന്നും അടൂർ പ്രകാശ് വിശദീകരിച്ചു.

ഇന്ന് നടന്ന യുഡിഎഫ് കൺവൻഷനിൽ പാണക്കാട് കുടുബത്തിൽ നിന്ന് ആരും പങ്കെടുത്തിരുന്നില്ല. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസി‍ഡൻ്റ് പാണക്കാട് അബ്ബാസ് അലി തങ്ങളും യുഡിഎഫ് കൺവൻഷനിൽ ഉണ്ടായിരുന്നില്ല.  സാദിഖലി തങ്ങളും മുനവറലി ശിഹാബ് തങ്ങളും വിദേശത്താണെന്നും അബ്ബാസ് അലി തങ്ങൾ തൃശൂരിലാണെന്നുമാണ് യുഡിഎഫ് നേതൃത്വം വിശദീകരിച്ചത്. അബ്ബാസ് അലി തങ്ങൾ കൺവൻഷനിൽ പങ്കെടുക്കാത്തത് മനഃപൂർവമല്ലെന്ന് മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടവും പ്രതികരിച്ചു.

നിലമ്പൂരിൽ പിവി അൻവറിനെ ഒപ്പം നിർത്താൻ മുസ്ലിം ലീഗ് കാര്യമായി ഇടപെട്ടിട്ടും നടക്കാതെ പോയതിൽ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടായെന്ന് വാർത്ത പുറത്തുവന്നിരുന്നു. ഇന്നലെ ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയ പ്രധാന നേതാക്കൾ വിമര്‍ശനം ഉന്നയിച്ചിരുന്നു. സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്നും പിവി അൻവര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്നും മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസിൽ നിന്നുണ്ടാകുന്നതെന്നുമായിരുന്നു വിമർശനം. ഇങ്ങനെ പോയാൽ പാര്‍ട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തിൽ നേതാക്കള്‍ അഭിപ്രായപ്പെട്ടു. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇതെല്ലാം ലീഗ് നേതൃത്വം നിഷേധിച്ചു. വ്യക്തികളെ കേന്ദ്രീകരിച്ച് ചർച്ച നടന്നില്ലെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം