സിദ്ധാർത്ഥിന്‍റെ മരണം: 'ചുമത്തിയത് ദുര്‍ബലവകുപ്പുകള്‍, ഇത്രയും ക്രൂരനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല'

Published : Mar 04, 2024, 03:20 PM ISTUpdated : Mar 04, 2024, 03:23 PM IST
സിദ്ധാർത്ഥിന്‍റെ മരണം: 'ചുമത്തിയത് ദുര്‍ബലവകുപ്പുകള്‍, ഇത്രയും ക്രൂരനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല'

Synopsis

കൊലപാതക കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുന്നതിന് പകരം ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പെടെയുള്ള ദുർബല വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയതെന്ന് എംഎംഹസ്സന്‍.,മാർച്ച് ഏഴിന് പഞ്ചായത്തുകളില്‍ യുഡിഎഫ് പ്രതിഷേധാഗ്നി

തിരുവനന്തപുരം: പൂക്കോട്  വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ആൾക്കൂട്ട വിചാരണ നടത്തി എസ്എഫ്ഐക്കാർ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ  കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്.  സംസ്ഥാനത്തെ കോളേജുകളിൽ നടക്കുന്ന വിദ്യാർത്ഥി അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ സിറ്റിങ് ജഡ്ജിയെ  ഹൈക്കോടതി നിയോഗിക്കുക, സിദ്ധാർത്ഥിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകുക , കേസന്വേഷണം സിബിഐയ്ക്ക് കൈമാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 7 വ്യാഴാഴ്ച വൈകുന്നേരം യുഡിഎഫിന്‍റെ  നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും പന്തം കൊളുത്തി പ്രതിഷേധാഗ്നി തെളിയിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കേസ് അന്വേഷണത്തിന്‍റെ  തുടക്കം മുതൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥർ വഴി കൊലയാളികളെ സംരക്ഷിക്കാനുള്ള നടപടികളാണ് നടന്നത്. പ്രതികൾക്ക് വധശിക്ഷ ലഭിക്കേണ്ട കൊലപാതക കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുന്നതിന് പകരം ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പെടെയുള്ള ദുർബല വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇതിനെല്ലാം പുറകിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. കൽപ്പറ്റ മജിസ്ട്രേറ്റ് കോടതിയിൽ 6 പ്രതികളെ ഹാജരാക്കിയപ്പോൾ മുൻ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സി കെ ശശീന്ദ്രൻ നേരിട്ട് എത്തിയതും പ്രതികൾക്ക് പ്രത്യക്ഷത്തിൽ സിപിഎം നൽകുന്ന സഹായത്തിന് തെളിവാണ്. കൃത്യം നടത്തിയ ശേഷം പ്രതികൾക്ക് 11 ദിവസത്തോളം ഒളിവിൽ പോകാൻ സഹായിച്ചതും സിപിഎമ്മിന്റെ പോലീസും സഖാക്കളുമാണ്.

ആൻറി റാഗിംഗ് സ്ക്വാഡ് 31ഓളം പേർ കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടും പോലീസിന്‍റെ  റിപ്പോർട്ട് പ്രകാരം 18 പേർക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. ഉന്നതരുടെ കൃത്യമായി നിർദ്ദേശത്തിന്‍റെ  അടിസ്ഥാനത്തിൽ പ്രതികളെ രക്ഷിക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇത്തരത്തിൽ കേസടുത്തത്. മുഖ്യമന്ത്രിയുടെ മാനസപുത്രന്മാർ നടത്തിയ ജീവൻ രക്ഷാപ്രവർത്തനത്തിൽ അവരെ കൊലപാതക കുറ്റത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും എം എം ഹസൻ ആരോപിച്ചു. കൊലപാതകികളെ സംരക്ഷിക്കുന്നതിലുള്ള മനസ്സാക്ഷികുത്തുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഇതുവരെ സിദ്ധാർത്ഥിന്‍റെ   രക്ഷിതാക്കളെ സന്ദർശിക്കാൻ തയ്യാറാകാത്തത്. സിപിഎം നടത്തിയ എല്ലാ കൊലപാതകങ്ങളിലും പ്രതികൾക്ക് സംരക്ഷണം നൽകുന്നതിനാൽ, എൽഡിഎഫ് ഭരിക്കുന്നിടത്തോളം കാലം കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുകയില്ലെന്നും ഇത്രയും ക്രൂരനായ ഒരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ലെന്നും എം എം ഹസ്സൻ  പറഞ്ഞു.

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'