വെൽഫെയർ പാർട്ടിയുമായി സഖ്യമില്ല, ഉണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ഹസ്സൻ

By Web TeamFirst Published Dec 3, 2020, 1:19 PM IST
Highlights

വെൽഫെയർ പാർട്ടിയുമായും യുഡിഎഫിന് പുറത്ത് ആരുമായും സഖ്യമില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും ആവർത്തിച്ചു.

തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ. സഖ്യത്തിനായി നേരത്തെ വാദിച്ച എം എം ഹസ്സൻ നിലപാട് തിരുത്തി. സഖ്യം ഉണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ഹസ്സൻ്റെ നിലപാട്. സഖ്യമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും വ്യക്തമാക്കിയിരുന്നു. 

വെൽഫെയർ പാർട്ടിയുമായും യുഡിഎഫിന് പുറത്ത് ആരുമായും സഖ്യമില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും ആവർത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും താരിഖ് അൻവർ അവകാശപ്പെട്ടു.

കേരളത്തിൽ എവിടെയും വെൽഫയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്നാണ് ഹസ്സൻ ഇന്ന് തൃശ്ശൂരിൽ പറഞ്ഞത്. വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളുമായി മുല്ലപ്പള്ളി വേദി പങ്കിട്ടത് അവർ വെൽഫെയർ പാർട്ടി ആണെന്ന് അറിയാതെയാണെന്നും, വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും ഹസ്സൻ വ്യക്തമാക്കി. 

ജമാ അത്തെ ഇസ്ളാമി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് നേതാക്കള്‍ നടത്തിയ സഖ്യ ചര്‍ച്ചകളായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ വാര്‍ത്തയായത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ആര്‍എംപിയുമായും നീക്കുപോക്കുണ്ടാക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനമെടുത്തെങ്കിലും മുല്ലപ്പളളി ഇത് നിഷേധിച്ചു. മുന്നണിക്ക് പുറത്ത് ആരുമായും സഖ്യമോ ധാരണയോ ഇല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍റെ നിലപാട്. ഇതേ നിലപാടാണ് ഉമ്മന്‍ ചാണ്ടിയും ആവര്‍ത്തിച്ചത്

click me!