മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കൽ: നിയമഭേദഗതി പാസായെങ്കിലും നിയമപോരാട്ടം തുടരാൻ യുഡിഎഫ്

By Web TeamFirst Published Nov 3, 2021, 6:18 PM IST
Highlights

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ  കേരളാ ബാങ്കില്‍ ലയിപ്പിക്കാനുള്ള നിയമ ഭേദഗതി ബില്ല് ഇന്നലെയാണ് നിയമസഭ പാസാക്കിയത്.വോട്ടെടുപ്പ് ഇല്ലാതിരുന്നതിനാല്‍ ഐക്യകണ്ഠേനയായിരുന്നു ബില്ല് പാസായത്.

മലപ്പുറം: ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള നിയമ ഭേദഗതി ബില്‍ നിയമ സഭ പാസാക്കിയെങ്കിലും ബാങ്ക് ലയനത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് യു.ഡി.എഫ് തീരുമാനം. യു.ഡി.എഫിന്‍റെ ശക്തമായ എതിര്‍പ്പിനിടയിലും നിയമസഭയില്‍ ബില്ല്  ഐക്യകണ്ഠേനെ പാസാക്കാനായത് സര്‍ക്കാരിന് നേട്ടമായി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ  കേരളാ ബാങ്കില്‍ ലയിപ്പിക്കാനുള്ള നിയമ ഭേദഗതി ബില്ല് ഇന്നലെയാണ് നിയമസഭ പാസാക്കിയത്.വോട്ടെടുപ്പ് ഇല്ലാതിരുന്നതിനാല്‍ ഐക്യകണ്ഠേനയായിരുന്നു ബില്ല് പാസായത്. ബില്ലിനെ ശക്തമായി എതിര്‍ത്താണ് യു.ഡി.എഫ് അംഗങ്ങള്‍ നിയമസഭയില്‍ സംസാരിച്ചത്.ലയനവുമായി ബന്ധപെട്ട കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചവേണമെന്നും ഏകപക്ഷീയമായ തീരുമാനം അടിച്ചേല്‍പ്പികരുതെന്നും ബാങ്ക് പ്രസിഡണ്ട് കൂടിയായ യു.എ ലത്തീഫ് നിയമസഭയില്‍ ആവശ്യപെട്ടു. 

ബില്ല് അവതരിപ്പിക്കുന്ന സമയത്ത് ഒരാളൊഴികെയുള്ള  കോൺഗ്രസ് അംഗങ്ങളാരും നിയമസഭയിലുണ്ടായിരുന്നില്ല.അതുകൊണ്ടാണ് വോട്ടെടുപ്പിലേക്ക് പോകാൻ നില്‍ക്കാതിരുന്നതെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ വിശദീകരണം. ബില്ല്  പാസാക്കിയതുകൊണ്ട് മാത്രം ഏകപക്ഷിയമായി മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിക്കാനാവില്ലെന്നും ലീഗ് നേത്യത്വം വ്യകത്മാക്കി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ട് തവണ ജില്ലാ കലക്ടർമാരുടെ നിരീക്ഷണത്തില്‍ ജനറല്‍ ബോഡിയോഗം ചേര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ നിര്‍ദ്ദേശം തള്ളിയതാണ്. ഈ നിലപാടില്‍ തന്നെയാണ് യു.ഡി.എഫ് ഇപ്പോഴുമുള്ളതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.

click me!