
കോഴിക്കോട്: കോഴിക്കോട്ട് എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി ബിജെപി. തീവ്രവാദ സംഘടനകളുമായി ഇടത്, വലത് മുന്നണികള്‍ സഖ്യത്തിൽ ആണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. എന്നാല്‍ നോമ്പുതുറ സംഗമങ്ങളെ പോലും വര്‍ഗ്ഗീയമായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമമെന്ന് ഇരു മുന്നണികളും തിരിച്ചടിച്ചു.
എസ്ഡിപിഐ ഇന്നലെ വൈകീട്ട് കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് കോഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളും നേതാക്കളും പങ്കെടുത്തത്. എം കെ രാഘവനും എളമരം കരീമും എസ്ഡിപിഐ നേതാക്കള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയുമായി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐക്കൊപ്പം ഇരു മുന്നണികളിലെയും സ്ഥാനാര്‍ത്ഥികളും നേതാക്കളും എത്തിയത് ഒരു രാഷ്ട്രീയ സഖ്യത്തിന്‍റെ ഭാഗമെന്നാണ് ബിജെപിയുടെ വിമര്‍ശനം.
തീവ്രവാദ സംഘടനയുമായി എൽഡിഎഫും യുഡിഎഫും സഖ്യമുണ്ടാക്കിയിരിക്കുകയാണെന്നും വടകരയിൽ ഈ സഖ്യത്തിന്‍റെ പിന്തുണ ഷാഫി പറമ്പിലിനും കോഴിക്കോട്ട് എളമരം കരീമിനുമാണെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു. എന്നാല്‍ എല്ലാത്തിനെയും വര്‍ഗ്ഗീയമായി കാണുന്ന ബിജെപിയുടെ ആരോപണങ്ങളെ തളളിക്കളയുന്നതായി എല്‍ഡിഎഫും യുഡിഎഫും പ്രതികരിച്ചു. നോമ്പുകാലത്ത് ഇഫ്താര്‍ സംഗമങ്ങളിലേക്ക് എല്ലാ വിഭാഗമാളുകളും ക്ഷണിക്കാറുണ്ട്. അത്തരത്തിലാണ് എസ്ഡിപിഐയുടെ ക്ഷണത്തെയും കണ്ടതെന്നും ഇരു മുന്നണികളും വിശദീകരിച്ചു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഇക്കുറി എത്ര മണ്ഡലങ്ങളില്‍ മല്‍സരിക്കും, മല്‍സരിക്കാത്തയിടങ്ങളില്‍ പിന്തുണ ആര്‍ക്ക് തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി ചര്‍ച്ച പൂര്‍ത്തിയായെന്ന് അറിയിച്ച എസ്ഡിപിഐ, പക്ഷേ എത്രയിടങ്ങളില്‍ മല്‍സരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വടകര മണ്ഡലത്തില്‍ 2014ല്‍ 15000ത്തോളം വോട്ടുകളും 2019ല്‍ അയ്യായിരത്തിലേറെ വോട്ടുകളും എസ്ഡിപിഐ നേടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam