
നിരണം: പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിനു നഷ്ടമായി. സിപിഎമ്മിലെ എംജി രവിയെ പുതിയ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. നിരവധി തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പുറത്ത് പോയ മുൻ പ്രസിഡന്റ് കെ പി പുന്നൂസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എത്തിയില്ല. അതോടൊപ്പം യുഡിഎഫിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരിൽ ഒരാൾ കൂടി എൽഡിഎഫിനെ പിന്തുണക്കുകയും ചെയ്തതോടെ എൽഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചെടുത്തിരുന്നു. വികസന മുരടിപ്പിന്‍റെ പേരിൽ എൽഡിഎഫ് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിയെ താഴയിറക്കിയ കോൺഗ്രസ്, ബിജെപി പിന്തുണയോടെ തന്നെ ഒടുവിൽ അധികാരത്തിലെത്തി എന്നതാണ് ഏറ്റവും രസകരമായ സംഭവം.
കൊല്ലം ജില്ലയിൽ ബിജെപി ഭരണമുള്ള ഏക പഞ്ചായത്തായിരുന്നു കല്ലുവാതുക്കൽ. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ ബിജെപിക്ക് ഒൻപതും എൽഡിഎഫിന് ആറും യുഡിഎഫിന് എട്ടുമായിരുന്നു കക്ഷി നില. ഭരണത്തിന്‍റെ പിടിപ്പികേടും അഴിമതിയും ചൂണ്ടിക്കാട്ടി കഴിഞ്ഞമാസമാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എൽഡിഎഫ് പിന്തുണയോടെ പാസായത്.
Also Read: സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗങ്ങളുടെ ചേരിതിരിഞ്ഞുള്ള നീക്കമായിരുന്നു പിന്നീട് കണ്ടത്. അഞ്ച് ബിജെപി അംഗങ്ങള്‍ യുഡിഎഫിനെ പിന്തുണച്ചപ്പോൾ ഭരണം മാറി. പാര്‍ട്ടി വിട്ട ബിജെപി വിമതരായ നാലുപേര്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് അവിശുദ്ധ കൂട്ടുകെട്ട് പോരിൽ എൽഡിഎഫും കക്ഷി ചേര്‍ന്നെങ്കിലും കളംപിടിച്ചത് യുഡിഎഫാണ്. രാഷ്ട്രീയ കൂറ് മാറ്റവും പ്രതിപക്ഷ അംഗങ്ങളുടെ നിസ്സഹകരണത്തിലും വാര്‍ഷിക ധനകാര്യ പത്രിക പോലും പാസാക്കാൻ പാടുപെടുന്ന പഞ്ചായത്തിൽ ഭരണം സ്തംഭിച്ച മട്ടിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam