
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ മിത്ത് വിവാദത്തിൽ സ്പീക്കർക്കെതിരെ സ്വീകരിക്കേണ്ട സമീപനം തിങ്കളാഴ്ച യുഡിഎഫ് പാർലമെൻററി പാർട്ടി യോഗം തീരുമാനിക്കും. തിരുത്തിയില്ലെങ്കിൽ സഭക്കുള്ളിൽ സ്പീക്കർക്കെതിരെ എന്ത് നിലപാടെടുക്കുമെന്നാണ് കോൺഗ്രസ്സിലെ ചർച്ചകൾ. സ്പീക്കർക്കെതിരെ നിലപാട് മയപ്പെട്ടാൽ ബിജെപി ആയുധമാക്കുമെന്ന ആശങ്കയാണ് കോൺഗ്രസ്സിന്.
മിത്ത് വിവാദം കത്തുന്നതിനിടെയാണ് സഭാ സമ്മേളനം വീണ്ടും തുടങ്ങുന്നത്. സ്പീക്കർ തിരുത്തണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. വിശ്വാസികളെ പിണക്കേണ്ടെന്ന് കരുതി സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്തി. ഇനി സ്പീക്കറും തിരുത്തിയാൽ വിവാദം തീർക്കാമെന്നാണ് യുഡിഎഫ് മുന്നോട്ട് വെക്കുന്നത്. വിശ്വാസികളോട് പോരിനില്ലെന്ന് പറയുമ്പോഴും സ്പീക്കർ തിരുത്തേണ്ടതില്ലെന്നാണ് സിപിഎം സമീപനം. തിരുത്താത്ത സ്പീക്കറോട് സഭക്കുള്ളിൽ എന്ത് നിലപാടെടുക്കുമെന്നാണ് കോൺഗ്രസിനു മുന്നിലെ വെല്ലുവിളി.
വിവാദം അധികം കടുപ്പിക്കേണ്ടെന്നാണ് കോൺഗ്രസ് ധാരണ. പക്ഷെ ഖേദം പ്രകടിപ്പിക്കാത്ത സ്പീക്കറുമായി സഹകരിച്ചുപോയാൽ പുറത്ത് അവസരം കാത്തിരിക്കുന്ന ബിജെപി നീക്കങ്ങളിലാണ് യുഡിഎഫിനുള്ള ആശങ്ക. സഭയിൽ ഒത്തുതീർപ്പാക്കിയെന്ന് പറഞ്ഞ് ബിജെപി കടുപ്പിച്ചാൽ വിശ്വാസികൾ എതിരാകുമെന്നാണ് ഭയം. എങ്ങിനെ പ്രശ്നം സഭാതലത്തിൽ എത്തിക്കുമെന്നാണ് യുഡിഎഫിലെ ആലോചന.
ഈ മാസം ഏഴിന് ആദ്യ ദിനം ഉമ്മൻചാണ്ടിക്കും വക്കത്തിനുമുള്ള ചരമോപചാരം മാത്രമാണ്. അന്ന് ചേരുന്ന യുഡിഎഫ് പാർലമെൻററി പാർട്ടി യോഗത്തിൽ അടുത്ത ദിവസം മുതലുള്ള മിത്ത് വിവാദത്തിലെ നീക്കം തീരുമാനിക്കും. നേരത്തെ സ്വർണ്ണക്കടത്തിൽ മുൻ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. സഭക്ക് പുറത്തെ പൊതുവിവാദങ്ങളിൽ സ്പീക്കർ ഒഴിഞ്ഞുനിൽക്കണമെന്ന് ശാക്തർ ആൻറ് കൗളിൽ പറയുന്നുണ്ട്. സ്പീക്കർ എത്രത്തോളം രാഷ്ട്രീയം പറയാമെന്നത് എന്നും ചർച്ചയാണ്. പാർട്ടി നേതാവ് കൂടിയായ സ്പീക്കർക്ക് രാഷ്ട്രീയത്തിൽ നിന്നും പൊതുവിഷയങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam