
തിരുവനന്തപുരം: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്നെന്ന് ആരോപിച്ച് ഇന്ന് യുഡിഎഫ് പ്രതിഷേധം. പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് അറിയിച്ചു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാവിലെ പത്ത് മണിക്ക് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് പുറമെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി, യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലികുട്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, സി പി ജോണ്‍, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, ഷിബു ബേബി ജോണ്‍, ജി ദേവരാജന്‍, രാജന്‍ ബാബു തുടങ്ങിയവരും പ്രതിഷേധ സംഗമത്തിൽ സംസാരിക്കുമെന്ന് യുഡിഎഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർക്കെതിരെ ആരോപണമുന്നയിച്ച മുൻ എ ഐ സി സി അംഗം സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി പ്രസിഡന്‍റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല എന്ന ആരോപണമാണ് കഴിഞ്ഞ ദിവസം സിമി സ്വകാര്യ ടി വി ചാനലിലൂടെ ഉന്നയിച്ചത്. പിന്നാലെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണമെന്ന് മുൻ എഐസിസി അംഗം സിമി റോസ് ബെൽ ജോൺ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം ഗൂഢാലോചന എന്ന് ആരോപിക്കുകയാണ്. ഇതിന് തെളിവ് പുറത്തു വിടണം. ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു വിട്ടതാണെന്നും സിമി റോസ് ബെൽ ജോൺ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam