ദീപാ നിശാന്തിന്‍റെ കവിതാ മോഷണ വിവാദം; കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പളിന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യുജിസി നോട്ടീസയച്ചു

By Web TeamFirst Published May 3, 2019, 1:47 PM IST
Highlights

അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തു കൊണ്ട് ലഭിച്ച പരാതിയിലാണ് യുജിസിയുടെ ഇടപെടല്‍. 

തൃശ്ശൂര്‍: കേരള വര്‍മ കോളേജ് അധ്യാപിക ദീപാ നിശാന്ത് യുവകവി കലേഷിന്‍റെ കവിത സര്‍വീസ് മാഗസിനില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ യുജിസി ഇടപെടുന്നു. കവിതാ മോഷണം വിവാദം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദീപ അധ്യാപികയായി ജോലി ചെയ്യുന്ന കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പളിന് യുജിസി നോട്ടീസയച്ചു. 

കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും മോഷണവിവാദത്തില്‍ കോളേജ് മാനേജ്മെന്‍റിന്‍റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യുജിസിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളേജ് തലത്തില്‍ അന്വേഷണം വല്ലതും നടന്നിട്ടുണ്ടോയെന്ന് കത്തില്‍ ആരാഞ്ഞിട്ടുണ്ട്. അന്വേഷണം നടന്നെങ്കില്‍ ആ റിപ്പോര്‍ട്ട് യുജിസിക്ക് ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്. 

അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തു കൊണ്ട് ലഭിച്ച പരാതിയിലാണ് യുജിസിയുടെ ഇടപെടല്‍. തൃശ്ശൂര്‍ സ്വദേശി സിആര്‍ സുകുവാണ് കവിതാ മോഷണ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ അധ്യാപികയ്ക്കെതിരെ യുജിസിക്ക് പരാതി നല്‍കിയത്. കലേഷിന്‍റെ കവിത മോഷ്ടിച്ച് എകെപിസിടിഎയുടെ സര്‍വ്വീസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതിന് ദീപ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞിരുന്നു. 

കൂടുതല്‍ വായനയ്ക്ക്:

' അങ്ങനെയിരിക്കെ ' കവിത തന്നത് ശ്രീചിത്രനെന്ന് ദീപാ നിശാന്ത്; കലേഷിനോട് മാപ്പ് പറഞ്ഞ് ശ്രീചിത്രൻ, മാപ്പല്ല മറുപടി വേണമെന്ന് എസ് കലേഷ്
click me!