
കൊച്ചി: തൃക്കാക്കര സ്ഥാനാർഥി നിർണായ ചർച്ചകൾ കോൺഗ്രസിൽ സജീവമായിരിക്കെ പി ടി തോമസിന്റ ഭാര്യ ഉമാ തോമസ് പൊതു വേദിയിൽ. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി നടൻ രവീന്ദ്രൻ നടത്തിയ സമരത്തിന്റെ വേദിയിൽ ഉമാ തോമസ് എത്തി. തൃക്കാക്കര തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ഉമ തോമസ് പറഞ്ഞു. കൊച്ചിയിൽ ജില്ലാ കോൺഗ്രസ് നേതൃസംഗമം നടക്കുന്നതിനിടെയാണ് പൊതുവേദിയിലേക്കുളള ഈ വരവ് എന്നതു കൂടി ശ്രദ്ധിക്കേണ്ടതാണ്.
മത്സരിക്കാനില്ലെന്ന പഴയ നിലപാടിൽ നിന്നുളള പ്രകടമായ മാറ്റമാണ് ഉമയുടേത്. മൽസരിക്കുമെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന ഒറ്റ വാചകത്തിലൂടെ ചിത്രം വ്യക്തമാകുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പരിഗണിക്കുന്നതായി ഹൈക്കമാൻഡും കെപിസിസി നേതൃത്വവും ദിവസങ്ങൾക്ക് മുമ്പ് ഉമാ തോമസിനെ നേരിൽ കണ്ട് അറിയിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് കോൺഗ്രസ് നേതൃത്വം മുൻകൈയെടുത്ത് ഉമാ തോമസിനെ പൊതു വേദിയിലെത്തിച്ചത്.
പി ടി തോമസ് പ്രധാന സാക്ഷിയായ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുളള പ്രതിഷേധ സമരത്തിലാണ് ഉമാ തോമസ് എത്തിയത് എന്നതും. ഇതുവഴി പിടി തോമസി ശ്രദ്ധേയം. സ്മരണ സജീവമാക്കുക മാത്രമല്ല സ്ത്രീ അവകാശ പോരാട്ടങ്ങളുടെ ഭാഗമായിക്കൂടി ഉമാ തോമസിനെ പൊതുമണ്ഡലത്തിൽ അവതരിപ്പിക്കുകയാണ് കോൺഗ്രസ്.
എല്ലാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനോപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കര. കഴിഞ്ഞ വര്‍ഷം പി ടി തോമസിന് തൃക്കാക്കരയില്‍ ലഭിച്ചത് 14,329 വോട്ടിന്‍റെ ഭൂരിപക്ഷം. പൂര്‍ണ്ണമായും നഗര സ്വഭാവമുള്ള മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. വിജയം ആവര്‍ത്തിക്കാന്‍ പിടിയുടെ ഭാര്യ ഉമ തോമസ് മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ താത്പര്യം.
ഉമ തോമസ് തയ്യാറല്ലെങ്കില്‍ മാത്രം മറ്റ് പേരുകള്‍ പരിഗണിക്കുമെന്നായിരുന്നു കോൺഗ്രസിലെ നിലപാട്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മുതല്‍ ജയ്സണ്‍ ജോസഫ് വരെയുള്ള അര ഡസന്‍ നേതാക്കള്‍ സീറ്റിനായി രംഗത്തുണ്ട്. തര്‍ക്കം ഒഴിവാക്കാന്‍ ഉമയെ മത്സരിപ്പിക്കുന്നതാണ് അഭികാമ്യമെന്ന നിലപാട് കെപിപിസി നേതൃത്വത്തിനുണ്ടെങ്കിലും സീറ്റിനായുള്ള വിവിധ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദവും ശക്തമാണ്.
കെപിസിസി ജനറൽ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്. നിർവാഹക സമിതി അംഗം ജയ്സണ്‍ ജോസഫ്, ഡിസിസി പ്രസിഡന‍്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്‍റേഷന്‍ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ട്. തൃക്കാക്കരയെ എ ഗ്രൂപ്പിന്‍റെ പട്ടികയിലാണ് ഗ്രൂപ്പ് നേതാക്കള്‍ കണക്കാക്കുന്നത്. ജെയ്സണ്‍ ജോസഫിനെയും അബ്ദുല്‍ മുത്തലബിനെയും എ ഗ്രൂപ്പ് സ്ഥാനാര്‍ഥിത്വത്തിനായി മുന്നോട്ട് വെയ്ക്കുന്നു. വി ഡി സതീശന്‍റെ പിന്തുണയാണ് ഷിയാസിന്‍റെ കരുത്ത്. ദീപ്തി മേരി വര്‍ഗീസ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ പിന്തുണ അവകാശപ്പെടുന്നു.
അതേ സമയം കെ വി തോമസിന്‍റെ വിമത നീക്കത്തിന് പിന്നാലെ ലത്തീന്‍ സമുദായത്തെ പിടിച്ചുനിത്താന്‍ ഡൊമിനിക് പ്രസന്‍റേഷന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ കഴിയുമെന്നാണ് മറ്റൊരു വാദം.
അതേ സമയം തൃക്കാക്കര കൂടി പിടിച്ച് നിയമസഭയിൽ സെഞ്ചുറിയടിക്കാമെന്നാണ് ഇടത് കണക്കുകൂട്ടല്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോ ഇടത് സ്വതന്ത്രനോ എന്ന കാര്യത്തില്‍ സിപിഎമ്മിലും ചര്‍ച്ച തുടരുകയാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ വരണമെന്ന നിലപാട് ജില്ലാ നേതൃത്വത്തിനുണ്ടെങ്കിലും ഉമയുടെ സ്ഥാനാര്‍ത്ഥിത്വം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. 15,483 വോട്ടാണ് കഴിഞ്ഞ തവണ ബിജെപി നേടിയത്. ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളിലാരെയെങ്കിലും കളത്തിലിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. 13897 വോട്ട് നേടിയ ട്വന്‍റി ട്വൻ്റി ഇത്തവണ മത്സരിക്കില്ല. പകരം ആം ആദ്മിയുമായി സഹകരിച്ചുള്ള നീക്കമാണ് ലക്ഷ്യമിടുന്നത്. മികച്ച സ്ഥാനാര്‍ത്ഥിയുണ്ടെങ്കില്‍ മാത്രമേ ഇവര്‍ മത്സര രംഗത്തുണ്ടാകൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam