
കോഴിക്കോട്: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പരാതിയുമായി സാമൂഹ്യ പ്രവർത്തക വി പി സുഹ്റ. പരാമർശത്തിനെതിരെ വി വി സുഹറ പൊലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അവഹേളിച്ചെന്ന് കാണിച്ചാണ് പരാതി. കഴിഞ്ഞ ദിവസം ഉമർ ഫൈസിയുടെ പ്രസ്താവനക്കെതിരെ സുഹറ കുടുംബശ്രീ വേദിയില്‍ തട്ടം നീക്കി പ്രതിഷേധിച്ചിരുന്നു.
നല്ലളം സ്കൂളിൽ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്കൂളിലേക്ക്' എന്ന പരിപാടിയിലായിരുന്നു വി പി സുഹ്റ പ്രതിഷേധിച്ചത്. പരിപാടിയിൽ അതിത്ഥിയായിരുന്ന വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചതിൽ പിടിഎ പ്രസിഡന്റ് അക്രമാസക്തനായിരുന്നു. പിടിഎ പ്രസിഡന്റ് വി പി സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി ഉയരുന്നുണ്ട്. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സിപിഎം സംസ്ഥാന സമിതി അംഗം അനിൽ കുമാറിന്‍റെ തട്ടം പ്രസ്താവനയുടെ ചുവടുപിടിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം. തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
സമസ്തയുടെ മസ്തിഷ്കം മുസ്‌ലിം ലീഗിനൊപ്പം; സാദിഖലി ശിഹാബ് തങ്ങൾ
തട്ടമിടാത്ത സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികൾ എന്നാണ് ഉമ്മർ ഫൈസി വിശേഷിപ്പിച്ചതെന്ന് സുഹ്റ പറഞ്ഞു. അതിനിടയാണ് പിടിഎ പ്രസിഡണ്ട് തനിക്കെതിരെ രംഗത്തെത്തിയത്. ഇയാൾ തന്നെ അധിക്ഷേപിച്ചെന്നും വി പി സുഹ്റ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സിപിഎം തട്ടം വിവാദത്തിൽ നിന്ന് പിന്നോട്ട് പോയതെന്നും വി പി സുഹ്റ വിമര്‍ശിച്ചു.
https://www.youtube.com/watch?v=Ko18SgceYX8