
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും മദ്യവും കണ്ടെത്തി. ഭൂമി ഇടപാടുകള്‍ക്ക് ഇടനിലക്കാർ വഴിയും നേരിട്ടും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- രണ്ടാണ് പരിശോധന നടത്തിയത്. ഇടപാടുകള്‍ക്ക് കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തില്‍ കരിപ്പൂർ വില്ലേജ് ഓഫീസ് കുറേ നാളുകളായി വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു.
ഇന്ന് ചില ഏജന്‍റുമാർ ഓഫീസിൽ വന്നു പോവുകയും ചെയ്തു. ഉച്ചക്ക് ശേഷം മൂന്നു മണിയോടെ ഇൻസ്പെക്ടർ അരുണിന്‍റെ നേതൃത്വത്തിൽ ഓഫീസിലേക്ക് വിജിലൻസ് ഉദ്യോഗസ്ഥർ കയറി. ഒരു ഉദ്യോഗസ്ഥന്‍റെ മേശക്കുള്ളിൽ നിന്നും പണം കണ്ടെത്തി. ഒരു പഴയ വീടാണ് ഓഫീസായി പ്രവർത്തിക്കുന്നത്. ഇതിന്‍റെ അടുക്കള ഭാഗത്തിട്ടിരുന്ന ഒരു മേശയിൽ നിന്നും പണം പിടിച്ചു. അവിടെ നിന്നും ഒരു മദ്യ കുപ്പിയും ഗ്ലാസും കണ്ടെത്തി. 12,000 രൂപയാണ് കണ്ടെത്തിയത്. പാരിതോഷികമായി മദ്യം വാങ്ങി ഉദ്യോഗസ്ഥർ ഓഫീസിൽ വച്ച് കുടിക്കാറുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. പരിശോധനയെ കുറിച്ച് വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകും. ഓഫീസിൽ കൂട്ട സ്ഥലമാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam