പുലികളിയില്‍ അനിശ്ചിതത്വം, മാറ്റിവയ്ക്കുമോ? തിരിച്ചടിയായത് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ദുഖാചരണം

Published : Sep 10, 2022, 11:49 AM ISTUpdated : Sep 10, 2022, 01:14 PM IST
പുലികളിയില്‍ അനിശ്ചിതത്വം, മാറ്റിവയ്ക്കുമോ? തിരിച്ചടിയായത് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ദുഖാചരണം

Synopsis

കളക്ടര്‍ സംഘങ്ങളുമായി ചര്‍ച്ച നടത്തി. നാളെ പുലികളി നടത്തിയാൽ സർക്കാർ പ്രതിനിധികൾക്ക് മാറി നിൽക്കേണ്ടി വരും.  

തൃശ്ശൂര്‍: തൃശ്ശൂരില്‍ നാളെ നടക്കാനിരിക്കുന്ന പുലികളിയില്‍ അനിശ്ചിതത്വം. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ നാളെ ഔദ്യോഗിക ദുഖാചരണം നടക്കുന്നതിനാലാണ് ഈ അനിശ്ചിതത്വം.  പുലികളി മാറ്റിവയ്ക്കുന്ന കാര്യത്തില്‍ ഉച്ചയോടെ അന്തിമ തീരുമാനം എടുക്കും. കളക്ടര്‍ സംഘങ്ങളുമായി ചര്‍ച്ച നടത്തി. നാളെ പുലികളി നടത്തിയാൽ സർക്കാർ പ്രതിനിധികൾക്ക് മാറി നിൽക്കേണ്ടി വരും. കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക ദുഖാചാരണം മൂലം പുലികളി നടക്കുമോ എന്ന ആശങ്കയിലാണ് തൃശ്ശൂരിലെ പുലികളി സംഘങ്ങൾ. പുലിവേഷം കെട്ടുന്നതിനുള്ള ഛായങ്ങൾ അരക്കുന്ന ജോലി മിക്ക സംഘങ്ങളും തുടങ്ങി. നാളെ പുലികളി നടന്നില്ലെങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്ന് സംഘാടകർ പറഞ്ഞു.

പൂരം കഴിഞ്ഞാല്‍ ദേശക്കാരെല്ലാം തേക്കിന്‍ കാട് മൈതാനം ചുറ്റിവരുന്ന വലിയ ആഘോഷം പുലിക്കളിയാണ്. നാലോണനാളില്‍ പുലര്‍ച്ചെ ആരംഭിക്കും മടകളില്‍ മെയ്യെഴുത്ത്. വയറന്‍ പുലികളും  പുള്ളിപ്പുലികളും പെണ്‍ പുലികളും മടയില്‍ നിന്ന് ഉച്ചയോടെ പുറത്തേക്കെത്തും. വീക്ക് ചെണ്ടയും ഉരുട്ട് ചെണ്ടയും ഇലത്താളവും അകമ്പടിയായി ചുവടുവച്ചിറങ്ങുന്ന പുലിപ്പൂരത്തോടെയാണ് തൃശൂരിന്‍റെ ഓണം ഉച്ചസ്ഥായിയിലെത്തുന്നത്. അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം പുലിക്കളി കലാകാരന്മാരാണ് പങ്കെടുക്കുന്നത്. അകമ്പടിയായി 35 വാദ്യകലാകാരന്മാർ വീതമുളള മേളവും ടാബ്ലോയും ഉണ്ടാകും. 

കഴിഞ്ഞ രണ്ടു തവണയും കൊവിഡിൽ മുങ്ങിയ പുലിക്കളി ഇക്കുറി വിപുലമായി നടത്താൻ സംഘാടകർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായ ഘട്ടത്തിലാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദു-ഖാചരണത്തിന്‍റെ പശ്ചാത്തലത്തിൽ പുലിക്കളി മാറ്റി വയ്ക്കേണ്ടി വരുമോ എന്ന് ആശങ്ക ഉയരുന്നത്. ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഞായറാഴ്ച ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 

അതേസമയം ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയും വിവിധ പുലിക്കളി സംഘങ്ങൾ അവസാനവട്ട ഒരുക്കങ്ങളിലാണ്. നാളെ വൈകീട്ടാണ് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങുക. ഇതിനു മുന്നോടിയായി വിവിധ ദേശങ്ങളിലെ പുലികൾ അവസാനവട്ട പരിശീലനത്തിലാണ്. പതിവുപോലെ വേഷത്തിലും ഒരുക്കത്തിലും വിവിധ ദേശങ്ങൾ അത്ഭുതങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഇക്കുറിയും പെൺപുലികളും കരിമ്പുലികളുമുണ്ടാകും.

ഒന്നാം സ്ഥാനമുറപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയാണ്. ഓണാഘോഷങ്ങളുടെ സമാപനം കൂടിയാണ് പുലിക്കളി എന്നതിനാൽ ആയിരക്കണക്കിനാളുകൾ സ്വരാജ് റൗണ്ടിലെത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷവും അതിന് മുന്നത്തെ വർഷവും ഓൺലൈനായിട്ടായിരുന്നു പുലിക്കളി നടത്തിയത്. 2021ൽ 7 പുലികൾ മാത്രമാണ് ഓൺലൈൻ ആഘോഷത്തിന്‍റെ ഭാഗമായി രംഗത്തിറങ്ങിയത്. 

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം