
തിരുവനന്തപുരം: രാഷ്ട്രീയ മുതലെടുപ്പിനായി സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ സെമിനാര്‍ വെറും നനഞ്ഞപടക്കമായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഏക വ്യക്തി നിയമത്തിൽ സിപിഎമ്മിന്റെ തനിനിറം സെമിനാറിൽ പുറത്തു വന്നു. അതിന്‍റെ ജാള്യതയും സിപിഎമ്മിന്‍റെയും ബിജെപിയുടെയും നിലപാടുകളിലെ സാമ്യതയും ചര്‍ച്ചയാകെതിരിക്കാനാണ് മരുമോന്‍ മന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
ഏക വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന സിപിഎമ്മിന്‍റെയും ബിജെപിയുടെയും അജണ്ട നടപ്പിലാക്കുന്നതിന് സെമിനാര്‍ വേദി സി പി എം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്. ക്ഷണം സ്വീകരിച്ചെത്തിയവരില്‍ ഭൂരിഭാഗവും സിപിഎമ്മിന്‍റെ അജണ്ടയെ സംഘടിതമായി അതേ വേദിയില്‍ വെച്ച് എതിര്‍ത്തത് സിപിഎമ്മിന്‍റെ ഗൂഢനീക്കങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് നേരത്തെ തിരിച്ചറിഞ്ഞാണ് മുസ്ലീം ലീഗ് അത് തള്ളിക്കളഞ്ഞത്.
പ്രമുഖരായ നേതാക്കളും വ്യക്തികളും വിട്ടു നിന്നു. വൈവിധ്യങ്ങളും ബഹുസ്വരതയും നിലനിൽക്കുന്ന ഇന്ത്യയിൽ ബിജെപിയുടെ ഏകശിലാത്മക ദേശീയതയും അതിനെ പിന്തുണയ്ക്കുന്ന സിപിഎമ്മിന്‍റെ നിലപാടും ആശാസ്യമല്ല. ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന് ഇക്കാര്യത്തിൽ സ്ഥായിയായ നിലപാടുണ്ടെന്നും അതിന് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.
കേവല രാഷ്ട്രീയ നേട്ടത്തിനായി കേരളത്തിന്‍റെ മതസൗഹാര്‍ദ്ദ അന്തരീക്ഷത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന സമീപനമാണ് സിപിഎം - ബിജെപി സഖ്യത്തിനുള്ളത്. ഏകവ്യക്തി നിയമം കേരളത്തിലെ മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയം എന്ന മട്ടിലാണ് സിപിഎം അവതരിപ്പിക്കുന്നത്.
എല്ലാവിഭാഗം ജനങ്ങളെയും രാജ്യത്തിന്‍റെ മതേതരത്വത്തെയും ബഹുസ്വരതയേയും ബാധിക്കുന്നതുമായ ഗുരുതരമായ വിഷയമാണിത്. ദേശീയ തലത്തിൽ ഈ വിഷയം കൈകാര്യം ചെയ്യാൻ കോൺഗ്രസിനെ സാധിക്കൂ. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വട്ട പൂജ്യമായ സിപിഎമ്മിന് എങ്ങനെ ഒരു ദേശീയ വിഷയം കൈകാര്യം ചെയ്യാനാകുമെന്നും സുധാകരന്‍ പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam