
കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിന്റെ ഇപ്പോഴത്തെ വാക്കുകൾ നല്ലതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സിഐഎ വിഷയത്തിൽ സിപിഎം നിലപാട് ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. ഇപ്പോൾ അവരുടെ വാക്കുകൾ നല്ലതാണ്. ഇപ്പോൾ ഉള്ള മാറ്റം സ്വാഗതം ചെയ്യുന്നു. സിപിഎം നടത്തുന്ന പ്രതിഷേധ പരിപാടിയിലേക്ക് മുസ്ലിം ലീഗിന് ക്ഷണം കിട്ടിയാൽ അതിന്റെ സ്വഭാവം അനുസരിച്ച് നേതാക്കൾ കൂടി ആലോചിച്ചു തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Read More: ഏക സിവിൽ കോഡ്: സിപിഎം നിലപാടിനെ ചൊല്ലി കോൺഗ്രസിലും ലീഗിലും ഭിന്നസ്വരം
ഏക സിവിൽ കോഡ് വിഷയത്തിൽ എറണാകുളത്ത് ലീഗ് സെമിനാർ നടത്തുമെന്ന് പിഎംഎ സലാം വ്യക്തമാക്കി. ഇതിൽ ആരെയൊക്കെ വിളിക്കണം എന്ന് ആലോചിക്കും. മുസ്ലിം ലീഗ് സെമിനാറിലേക്ക് സിപിഎമ്മിനെ ക്ഷണിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. പൗരത്വ പ്രക്ഷോഭ കാലത്ത് കേരളത്തിൽ എടുത്ത കേസുകൾ പിൻവലിച്ചില്ല. തെരഞ്ഞെടുപ്പ് കാലത്ത് അത് പിൻവലിക്കുമെന്ന് സിപിഎം പറഞ്ഞിട്ടും നടപ്പിലാക്കിയില്ല. ഇത് ന്യൂന പക്ഷങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ പിഎംഎ സലാം, കോൺഗ്രസ് സിവിൽ കോഡിന് എതിരാണെന്നാണ് ലീഗിന്റെ വിശ്വാസമെന്നും പറഞ്ഞു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ എതിർക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹന്നാൻ രംഗത്ത് വന്നു. രാജ്യത്തിന്റെ സ്വസ്ഥത തകർക്കാനും സംഘർഷമുണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് പാർലമെന്റിൽ ഏക സിവിൽ കോഡിനെ എതിർക്കുമെന്ന് വ്യക്തമാക്കി അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ എഐസിസി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നാണ് കെ സുധാകരൻ പറഞ്ഞത്. സിപിഎം ഏക സിവിൽ കോഡിനെതിരെ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ശ്രമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...