
ദില്ലി: വിവാദമായ ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി. ബിജെപി എംപി കിറോഡി ലാൽ മീണയാണ് സ്വകാര്യ ബിൽ ആയി എകസിവിൽ കോഡ് സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. അനുമതിയിൽ വോട്ടെടുപ്പ് നടത്താൻ രാജ്യസഭാ അധ്യക്ഷൻ അനുമതി നൽകി. ഇതോടെ സഭയിൽ വോട്ടെടുപ്പ് നടന്നു. ഒടുവിൽ 23-നെതിരെ 63 വോട്ടുകൾക്കാണ് ഏകസിവിൽ കോഡ് ബിൽ അവതരണത്തിന് രാജ്യസഭ അനുമതി കൊടുത്തത്.
ബിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ നിരയിൽ അംഗങ്ങൾ പലരും ഇല്ലായിരുന്നു. കോണ്‍ഗ്രസ് എംപിമാരിൽ ഭൂരിപക്ഷവും സഭയിൽ ഇല്ലാതിരുന്നതിനെ മുസ്ലീംലീഗ് എംപി അബ്ദുൾ വഹാബ് വിമര്‍ശിച്ചു. ബില്ലിനെതിരെ തമിഴ്നാട്ടിൽ നിന്നുള്ള എംപി വൈക്കോ ശബ്ദമുയര്‍ത്തി. കര്‍ണാടകയിൽ നിന്നുള്ള കോണ്‍ഗ്രസ് എംപി എൽ.ഹനുമന്തയ്യും അവതരാണനുമതി നൽകുന്നതിനെ എതിര്‍ത്ത് സംസാരിച്ചു. എന്നാൽ ബില്ലിനോട് എതിര്‍പ്പുണ്ടെങ്കിൽ ആ ബിൽ അവതരിപ്പിച്ച ശേഷം നിലപാട് പറയണമെന്നും അവതരണ സമയത്ത് തന്നെ എതിര്‍ക്കുന്നത് എന്തിനാണെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ചോദിച്ചു. തുടര്‍ന്ന് ബില്ലിൻ്റെ അവതരണാനുമതിക്കായി വോട്ടെടുപ്പ് നടക്കുകയും പാസ്സാക്കുകയുമായിരുന്നു. ഗവർണർമാരെ നിയന്ത്രിക്കാനുള്ള സ്വകാര്യ ബില്ലിന് സിപിഎമ്മിൻ്റെ വി ശിവദാസൻ എംപിയും രാജ്യസഭയിൽ അവതരണ അനുമതി തേടും എന്ന് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam