പ്രതീക്ഷിച്ചത് അതിവേഗ റെയിലും എയിംസും, ആവശ്യപ്പെടാതെ കിട്ടിയത് കടലാമ സംരക്ഷണം; ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കടലാമ സംരക്ഷകര്‍

Published : Feb 01, 2026, 07:53 PM IST
budget Sea turtle

Synopsis

കടലാമകളുടെ സംരക്ഷണത്തിനായി പ്രത്യേക കേന്ദ്രം തുടങ്ങുമെന്ന പ്രഖ്യാപനത്തെ സംസ്ഥാനത്തോടുള്ള അവഹേളനമായാണ് പ്രതിപക്ഷം അവതരിച്ചത്. എന്നാല്‍, കടലാമകളുടെ സംരക്ഷണത്തിനായി വർഷങ്ങളായി പ്രവർത്തിക്കുന്നവർ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയാണ്.

തിരുവനന്തപുരം: അതിവേഗ റെയിലും എയിംസും ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾക്കായി കാത്തിരുന്ന കേരളത്തിന് സംസ്ഥാനം ആവശ്യപ്പെടാതെ തന്നെ കേന്ദ്രസർക്കാർ അനുവദിച്ച ഒരു പദ്ധതിയാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. കടലാമകളുടെ സംരക്ഷണത്തിനായി പ്രത്യേക കേന്ദ്രം തുടങ്ങുമെന്ന പ്രഖ്യാപനത്തെ സംസ്ഥാനത്തോടുള്ള അവഹേളനമായാണ് പ്രതിപക്ഷം അവതരിച്ചത്. എന്നാല്‍, കടലാമകളുടെ സംരക്ഷണത്തിനായി വർഷങ്ങളായി പ്രവർത്തിക്കുന്നവർ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയാണ്.

മൂന്നാം മോദി സർക്കാരിന്‍റെ മൂന്നാം ബജറ്റ്, കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ നിൽക്കെയുള്ള ബജറ്റ്, ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കിട്ടിയ മികച്ച പിന്തുണയുടെ കൂടി പശ്ചാത്തലത്തിൽ കേരളത്തിനായി കാര്യമായി എന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ മോദി ആരാധകരും ബിജെപി പ്രവർത്തകരും. എന്നാൽ ധാതു ഖനനം കൂട്ടാൻ ലക്ഷ്യമിട്ടുള്ള ധാതു ഇടനാഴിയുടെ കാര്യത്തിലും കടലാമ പരിചരണ കേന്ദ്രത്തിന്‍റെ കാര്യത്തിലും മാത്രമായിരുന്നു കേരളത്തിന്‍റെ പേരെടുത്തുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍. കേരളത്തോടുള്ള കേന്ദ്രവഗണയുടെ പ്രത്യക്ഷ ഉദാഹരണം എന്ന നിലയിൽ കടലാമ സംരക്ഷണ പദ്ധതിയെ പ്രതിപക്ഷം ഒന്നാകെ അവതരിപ്പിച്ചതോടെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി നിറഞ്ഞതും കടലാമകൾ തന്നെ. കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനം സമർപ്പിച്ചിരുന്ന ആവശ്യങ്ങളുടെ പട്ടികയിൽ ഇത്തരമൊരു പദ്ധതി ഉൾപ്പെട്ടിരുന്നുമില്ല. വനംവകുപ്പ് വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കേരളതീരത്ത് കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നിലവില്‍ നടത്തി വരുന്നുണ്ട്. മാത്രമല്ല, തൃശ്ശൂരിലെയും വടക്കൻ കേരളത്തിലെയും ചില തീര മേഖലകളിൽ മാത്രമാണ് ഇവയുടെ സാന്നിധ്യം കാര്യമായി ഉള്ളതും. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ കടലാമ സംരക്ഷണത്തിനായി പ്രത്യേക കേന്ദ്രത്തിന്‍റെ ആവശ്യമെന്തെന്ന ചോദ്യവും ഉയരുന്നുണ്ടെങ്കിലും വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയാണ്. കോഴിക്കോട് വടകരയ്ക്ക് അടുത്ത കൊളാവി പാലത്ത് കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്കായി മൂന്ന് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന തീരം സംരക്ഷണ സമിതി പ്രവർത്തകർ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.

ഒലീവ് റിഡ്‍ലി ഇനത്തിലുള്ള കടലാമകളാണ് കേരള തീരത്ത് കാര്യമായി കാണപ്പെടുന്നത്. തീരത്തെത്തി മുട്ടയിട്ട് തിരിച്ചുപോകുന്ന ഇവ മടങ്ങിയെത്താറില്ല - വംശനാശ ഭീഷണി നേരിടുന്ന ഇവ ഐയുസിഎന്നി റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ജീവികളുമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള തീരശോഷണവും അശാസ്ത്രീയ പുലിമുട്ട് നിർമ്മാണവും മറ്റ് ജീവികളുടെ ആക്രമണവുമെല്ലാമാണ് ഇവയെ വംശനാശത്തിലേക്ക് തള്ളിവിടുന്നത്. ഇക്കോ ടൂറിസം പ്രോത്സാഹനത്തിൻ്റെ കൂടി ഭാഗമായി പ്രഖ്യാപിച്ച കടലാമ പരിപാലന പദ്ധതി യാഥാർത്ഥ്യമായാൽ കടലാമകളെ കാണാനും നിരീക്ഷിക്കാനും ഉള്ള സ്പോട്ടുകൾ, ഗവേഷണ കേന്ദ്രങ്ങൾ ഇൻഫർമേഷൻ സെൻ്ററുകൾ എന്നിവയെല്ലാം ഇവയുടെ ഭാഗമായി വരുമെന്നാണ് സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അന്വേഷണത്തില്‍ വഴിത്തിരിവാകുമോ… സി.ജെ. റോയി ഒമ്പത് പേജുള്ള ആത്മഹത്യാകുറിപ്പ് എഴുതിയതായി റിപ്പോർട്ട്
ജയിലില്‍ വെച്ച് നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നാളെ ആൻജിയോഗ്രാം