യുഎൻഎ അഴിമതി ആരോപണം: ഉന്നതാധികാര സമിതി കണക്ക് പരിശോധിച്ച്, കയ്യടിച്ച് പാസാക്കി: ജാസ്മിൻ ഷാ

By Web TeamFirst Published Mar 20, 2019, 5:17 PM IST
Highlights

ആരോപണ വിധേയരായ ആരെയും ഉന്നതാധികാര സമിതിയിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്ന് ജാസ്മിൻ ഷാ.

തിരുവനന്തപുരം: യുഎൻഎ തട്ടിപ്പ് പരിശോധിക്കാൻ ഉന്നതാധികാരസമിതിയെ നിയമിച്ചുവെന്നും അതിൽ കണക്കുകൾ ഐക്യകണ്ഠേന അംഗീകരിച്ചുവെന്നും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ പ്രതിനിധി ജാസ്മിൻ ഷാ. ആരോപണ വിധേയരായ ആരെയും സമിതിയിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്നും ജാസ്മിൻ ഷാ കൂട്ടിച്ചേർത്തു. യുഎൻഎ അഖിലേന്ത്യ സെക്രട്ടറി സുദീപാണ് സമിതിയുടെ ചെയർമാൻ. 2017 മാർച്ച് മുതൽ 2018 ഡിസംബർ വരെയുള്ള കണക്കുകളാണ് അവതരിപ്പിച്ചതെന്നും ആ കണക്ക് സമിതി പാസാക്കിയെന്നും ജാസ്മിൻ ഷാ പറഞ്ഞു.  

നഴ്സുമാർക്കുവേണ്ടി സമരം ചെയ്ത് തൊഴിലവകാശങ്ങൾ പലതും നേടിയെടുത്ത സംഘടനയായ യുഎൻഎയുടെ നേതൃത്വത്തിന് നേരെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യയിൽ നിന്നും വിദേശത്തുള്ള മലയാളി നഴ്സിംഗ് സമൂഹത്തിൽ നിന്നും പിരിച്ചെടുത്ത 28 ലക്ഷം രൂപ നൽകിയില്ല,  ജാസ്മിൻ ഷായുടെ ഭാര്യയുടെ കാറിന്‍റെ അടവ് കൊടുത്തത് യുഎൻഎ യുടെ അക്കൌണ്ടിൽ നിന്നാണ് തുടങ്ങിയ കോടികളുടെ അഴിമതി ആരോപണങ്ങളാണ് ജാസ്മിൻ ഷായ്ക്ക് നേരെ ഉണ്ടായത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത് എന്നുമാണ് ആരോപണം.

മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് യുഎൻഎ വൈസ് പ്രസിഡണ്ട് സിബി മുകേഷ് ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. നഴ്സുമാരിൽ നിന്നും ലെവി പിരിച്ചതടക്കമുള്ള തുകയിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് പണമെടുത്തിട്ടുണ്ടെന്ന് പരാതി വിശദമാക്കുന്നു.

സംഘടനാ തീരുമാന പ്രകാരമല്ലാതെ പലര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. കമ്മറ്റി ഭാരവാഹികള്‍ നിരവധി തവണ ഈ വിഷയങ്ങള്‍ ഉന്നയിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു. സംഘടനയെ മോശമാക്കി ചിത്രീകരിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നതെന്നും പരാതിക്കാര്‍ പറഞ്ഞു.

click me!