
ദില്ലി: ഉന്നാവ് പീഡന കേസിലെ അതിജീവിതയ്ക്ക് നീതിയാവശ്യപ്പെട്ട് ദില്ലിയിൽ ഇന്നും സാമൂഹിക പ്രവർത്തകരുടെ പ്രതിഷേധം നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഇന്ത്യാ ഗേറ്റിന് മുന്നിലാണ് വനിതകളടക്കം പ്രതിഷേധിക്കുക. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക, പ്രതിയായ ബിജെപി നേതാവ് കുൽദീപ് സിംഗ് സെംഗാറിന്റെ ജാമ്യം റദ്ദാക്കുക എന്നീ മുദ്രാവാക്യം ഉയർത്തിയാകും പ്രതിഷേധം. ഇന്നലെ പാർലമെന്‍റിന് മുന്നിലും വനിതാ ആക്ടിവിസ്റ്റുകൾ പ്രതിഷേധിച്ചിരുന്നു. കുൽദീപ് സിംഗ് സെംഗാറിന് വിചാരണ കോടതി വിധിച്ച ശിക്ഷ ദില്ലി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
കേസിലെ പ്രതിയും മുന്‍ എംഎല്‍എയുമായ കുൽദീപ് സിംഗ് സെൻഗാറിനെ പുറത്തുവിട്ടാൽ അതീജിവിതയുടെ ജീവൻ അപകടത്തിലാകുമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതിയുടെ സ്വാധീനം, നേരത്തെ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം അടക്കം ചൂണ്ടിക്കാട്ടിയാണ് ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സിബിഐ സ്പെഷൽ ലീവ് പെറ്റീഷൻ സമർപ്പിച്ചത്. പോക്സോ വകുപ്പടക്കം ചുമത്തിയ കേസിന്റെ ഗൗരവം ദില്ലി ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും സിബിഐ പറയുന്നു. അതേസമയം ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ തന്‍റെ കുടുംബത്തെ ഇല്ലാതെയാക്കുമെന്ന് കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തിയിരുന്നു എന്ന വെളിപ്പെടുത്തലുമായി ഉന്നാവിലെ അതിജീവിതയുടെ അമ്മ രംഗത്തെത്തി. ജാമ്യം കിട്ടിയതോടെ പേടിച്ചാണ് കുടുംബം കഴിയുന്നത്. ജാമ്യം പിൻവലിച്ചില്ലെങ്കിൽ വീണ്ടും ഞങ്ങൾക്കെതിരെ ആക്രമണം നടക്കും. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിജീവിതയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam