
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് മാർച്ച് നടത്തും. ശബരിമലയിലെ കൊള്ള കണക്കിലെടുത്ത് അയ്യപ്പ വിഗ്രഹത്തിന് സുരക്ഷയേർപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അതേസമയം, ശബരിമല വിവാദത്തിൽ, പ്രധാന കഥാപാത്രമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യാൻ ഇടയില്ല. രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
തിരുവനന്തപുരത്തും ബാംഗ്ലൂരുവിലുമായി രണ്ടു തവണ പോറ്റിയെ ചോദ്യം ചെയ്തു കഴിഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യം വന്നാൽ പിന്നീട് വിളിപ്പിക്കും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, സ്വർണം പൂശലുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ തുടരുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള ആലോചനയും സർക്കാരിന്റെ ഭാഗത്തുണ്ട്. സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തും.
2026ൽ നേരിടാൻ പോകുന്ന കനത്ത തോൽവിയെ ഭയന്നാണ് ഇടത് സർക്കാർ ഭക്തിമാർഗ്ഗം സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പട്ടിമറ്റം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പൊതുപരിപാടിയിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്. അയ്യപ്പസംഗമത്തിൽ ഉദ്യോഗസ്ഥരെയാണ് പങ്കെടുപ്പിച്ചത്. എല്ലാവരെയും കണ്ടാൽ ചീത്ത വിളിക്കുന്ന ഒരാളെ കാറിൽ കയറ്റി കൊണ്ടുവന്നു. ശബരിമലയിൽ നടക്കുന്ന കൊള്ളയെ കണക്കിലെടുത്ത് അയ്യപ്പ വിഗ്രഹത്തിന് സുരക്ഷയേർപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam