
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസ അറിയിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട്. സംഗമത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ സന്ദേശം എത്തിയെന്ന് പറഞ്ഞ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിലൂടെ സന്ദേശം പരസ്യപ്പെടുത്തുകയും ചെയ്തു. നേരിട്ട് എത്താൻ കഴിഞ്ഞില്ലെങ്കിലും യോഗി ആദിത്യനാഥ് ഉൾപ്പെടെ ഉള്ളവരുടെ പിന്തുണ സംഗമത്തിനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പേര് പോലെ ആഗോള സംഗമം തന്നെയാണ്. ശബരിമലയുടെ വികസനത്തിനായി കേരള ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു പരിപാടി നടക്കുന്നത്. സംഗമത്തിന് തമിഴ്നാട് ദേവസ്വം മന്ത്രിയും പിന്തുണ അറിയിച്ചു. മികച്ച അനുഭവം ആകുമെന്നായിരുന്നു തമിഴ്നാട് മന്ത്രി പി കെ ശേഖർ ബാബുവിന്‍റെ പ്രതികരണം.