'ലീഗ് അഭിവാജ്യഘടകം', യുഡിഎഫില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമമെങ്കില്‍ നടപ്പില്ലെന്ന് സതീശന്‍

By Web TeamFirst Published Dec 10, 2022, 11:05 AM IST
Highlights

ലീഗിനെ കുറിച്ചുള്ളു പിണറായിയുടെ നിലപാട് ഗോവിന്ദന്‍ തിരുത്തി. ഇതില്‍ സന്തോഷമെന്നും സതീശന്‍ പറഞ്ഞു. 

തിരുവനന്തപുരം: ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫില്‍  കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണെങ്കില്‍ നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും സതീശന്‍ പറഞ്ഞു. ലീഗ് യു ഡി എഫിന്‍റെ അഭിവാജ്യഘടകമാണ്. ലീഗിനെ കുറിച്ചുള്ള പിണറായിയുടെ നിലപാട് ഗോവിന്ദന്‍ തിരുത്തി. ഇതില്‍ സന്തോഷമെന്നും സതീശന്‍ പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് ബില്ലിനെ രാജ്യസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്തെന്നും സതീശന്‍ വിശദീകരിച്ചു. ജെബി മേത്തര്‍ബില്ലിനെ ശക്തമായി എതിര്‍ത്തു. അബ്ദുല്‍ വഹാബിന്‍റെ വിമര്‍ശനത്തെക്കുറിച്ച് അറിയില്ല. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സതീശന്‍ പറഞ്ഞു. 

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞത്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ മുസ്ലീം ലീഗ് നിലപാട് സര്‍ക്കാരിനൊപ്പമായിരുന്നു. നിയമസഭയില്‍ വിഷയം വന്നപ്പോള്‍ ലീഗിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി കോണ്‍ഗ്രസിനും സര്‍ക്കാരിനെ പിന്തുണക്കേണ്ടിവന്നു. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടിയത് മുതല്‍ മുസ്ലീം ലീഗിലെ ഒരു വിഭാഗം എല്‍ഡിഎഫ് പക്ഷത്തേക്ക് പോകണമെന്ന അഭിപ്രായം പറയുന്നത് ലീഗിലും യു ഡി എഫിലുമൊക്കെ ചര്‍ച്ചയുമായിരുന്നു. ഇതിനിടെയാണ് ശരിയത്ത് വിവാദകാലം മുതല്‍ ഇഎംഎസ് അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായി സി പി എം നേതൃത്വം ലീഗിനെ പ്രശംസിച്ചത്. 

മുസ്ലീം ലീഗുമായി ബന്ധം വേണമെന്ന് പറഞ്ഞ് എം വി രാഘവന്‍റെ നേതൃത്വത്തില്‍ ബദല്‍രേഖ വന്നപ്പോള്‍ ഇഎംഎസും വിഎസ് അച്യുതാനന്ദനുമാണ് അതിനെ എതിര്‍ത്ത് തോല്‍പിച്ചത്. പിന്നീട് വിഎസ് പിണറായി പോരിന്‍റെ കാലത്തും ലീഗുമായുള്ള ബന്ധം പല രീതിയില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയായി. പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഔദ്യോഗിക നേതൃത്വം ലീഗിനെ കൂട്ടുന്നതില്‍ തെറ്റില്ലെന്ന് വാദിച്ചപ്പോള്‍ വിഎസ് ശക്തമായി എതിര്‍ത്തിരുന്നു. എന്നാലിപ്പോള്‍ അത്തരത്തിലുള്ള എതിര്‍പ്പൊന്നുമില്ലെന്ന സൂചന നല്‍കുന്നത് കൂടിയായിരുന്നു എം വി ഗോവിന്ദന്‍റെ പ്രതികരണം.

 

click me!