
തിരുവനന്തപുരം: തന്‍റെ പേരില്‍ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (V D Satheesan). തന്‍റെ പേരില്‍ ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ല. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന്‍ പറഞ്ഞു. കെസി - വിഡി ഗ്രൂപ്പുണ്ടാക്കി പാർട്ടി പിടിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് വൈകാരികമായി സതീശൻ വിമർശനങ്ങളെ നേരിട്ടത്. ഭിന്നിച്ച് നിന്നവരെല്ലാം എതിർപ്പ് മാറ്റി സുധാകരനൊപ്പം കൈകോർക്കുന്ന സ്ഥിതി കൂടി പരിഗണിച്ചാണ് ഗ്രൂപ്പില്ലെന്നുള്ള വിശദീകരണം. സുധാകരനുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയതിന് പിന്നിൽ ചെന്നിത്തലയെ സതീശൻ സംശയിക്കുന്നു. കന്‍റോണ്‍മെന്‍റ് ഹൗസിലെ ഗ്രൂപ്പ് യോഗവും സുധാകരന്‍റെ റെയ്ഡഡ് അടക്കമുള്ള വിവാദങ്ങൾക്കും കാരണം ചെന്നിത്തല എന്നാണ് സതീശൻ കരുതുന്നത്
സുധാകരനുമായി അനുരജ്ഞനത്തിലെത്തി ഡിസിസി പട്ടിക പ്രഖ്യാപിക്കാനാണ് സതീശന്‍റെ നീക്കം. പട്ടിക നീളുന്നതിലെ അപകടം കൂടി കണ്ടാണ് ശ്രമം. സതീശൻ അനുകൂലികളായ എ പി അനിൽകുമാറും ടി സിദ്ധിഖും കെപിസിസി അധ്യക്ഷനുമായി കരട് പട്ടികയിൽ ചർച്ച നടത്തി. സതീശനും സുധാകരനും തമ്മിൽ കൂടിക്കാഴ്ച നടത്തി പട്ടിക അതിവേഗം അന്തിമാക്കാനാണ് ശ്രമം. അതേ സമയം സതീശനും വേണുഗോപാലിനുമെതിരായ നീക്കത്തിൽ സുധാകരനൊപ്പം പഴയ ഐ ഗ്രൂപ്പു നേതാക്കൾ യോജിച്ചു. തമ്മിലെ പ്രശ്നം കൂടി തീർത്താണ് ചെന്നിത്തലയും മുരളിയും കെപിസിസി പ്രസിഡന്‍റിനെ പിന്തുണക്കുന്നത്. പട്ടികക്കെതിരായ പരാതികൾ ഐ ഗ്രൂപ്പ് തള്ളുമ്പോൾ കരട് പട്ടികയിൽ പരാതികളുണ്ടെന്നും അത് തീർക്കണമെന്നുമാണ് എ ഗ്രൂപ്പ് നിലപാട്. സംഘടനാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കി നിൽക്കെ ഡിസിസി പുനസംഘടനയിലൂടെ പദവി ലഭിക്കുന്നവർക്ക് പ്രവർത്തനത്തിന് കുറഞ്ഞ സമയം മാത്രമേ കിട്ടു. താൽക്കാലിക സംവിധാനത്തിന് രൂപം നൽകാൻ പോലും സമവായം നീളുന്നതിൽ എഐസിസിക്കും അണികൾക്കും അമർഷമുണ്ട്.
കോഴിക്കോട്: കോൺഗ്രസ് പുനസംഘടനയിൽ അന്തിമ തീരുമാനമെടുക്കേണ്ട് ഹൈക്കമാന്‍റ് ആണെന്ന് കെ മുരളീധരൻ എം പി. പുനസംഘടനയിൽ പരാതി ഉള്ളവർ ഉണ്ടാകും. അവർക്ക് പരാതി പറയാൻ അവസരമുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എം പിമാർ പരാതിക്കത്ത് ഹൈക്കമാന്‍റിന് നൽകിയോ എന്ന് തനിക്ക് അറിയില്ല. പുനസംഘടന നിർത്തിവച്ചപ്പോൾ കെപിസിസി അധ്യക്ഷൻ കെ സുധാകരന് പ്രയാസമുണ്ടായിരിക്കാം. കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമം. പാർട്ടിയിൽ ചുരുക്കം ചില പ്രശ്നങ്ങൾ ഉണ്ട്. അത് ഉടൻ പരിഹരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
രമേശ് ചെന്നിത്തലയും ആയി തനിക്ക് തർക്കങ്ങൾ ഇല്ല. നേരത്തെ ഭിന്നത ഉണ്ടായിരുന്നു. അത് പരിഹരിച്ചെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. എംപിമാർ കത്ത് കൊടുത്തതായി തനിക്ക് അറിയില്ലെന്ന് ഇന്നലെയും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. താൻ കത്ത് കൊടുത്തിട്ടില്ലെന്നും ഇന്നലെ കെ മുരളീധരൻ പറഞ്ഞിരുന്നു. കേരളത്തിലെ കോൺഗ്രസ് പുനസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാന്‍റ് ഇന്നലെ നിർദേശം നൽകിയിരുന്നു. കേരളത്തിന്‍റെ ചുതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന് നിർദേശം നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam