
ആലപ്പുഴ: ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സർക്കാരിന്റേത് നികൃഷ്ടമായ തീരുമാനമാണെന്ന് വികെ സനോജ് പറഞ്ഞു. ദുഷ്ടബുദ്ധിയോടെയുള്ള നീക്കമാണ് സർക്കാരിന്റേത്. ആരൊക്കെ എതിർത്താലും ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം തുടരുമെന്നും വി കെ സനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ പ്രഖ്യാപനം.
ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ കമ്മ്യൂണിറ്റി കിച്ചൻ എന്ന നിലയിൽ ഭക്ഷണം നൽകാമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളേജിൽ ആദ്യം നടപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ജി സുധാകരൻ ഒരു പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പറയുന്നത്. അതേസമയം, ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തിനെതിരെയുള്ള ഒരു നീക്കമെന്ന നിലയിൽ രാഷ്ട്രീയ വ്യാഖ്യാനം കൂടി മന്ത്രിയുടെ പ്രഖ്യാപനത്തിനുണ്ട്. പൊതിച്ചോറിനെതിരെ വിമർശനം ഉന്നയിച്ച ജി സുധാകരൻ പിന്നീട് പരാമർശം മയപ്പെടുത്തുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam