'കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരം'; വിമര്‍ശനവുമായി വി എം സുധീരൻ

By Web TeamFirst Published Sep 5, 2021, 11:59 AM IST
Highlights

സർക്കാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും തീരുമാനം വൈകരുതെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തിനെതിരെ വി എം സുധീരൻ. അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വിൽക്കാൻ സർക്കാർ ശ്രമിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണ്. കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് കരുതുന്നതെന്നും വി എം സുധീരൻ പറഞ്ഞു. സർക്കാരിന്റെ മദ്യനയം കോടതി പുനഃപരിശോധിക്കണമെന്നും തീരുമാനം വൈകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്‍ലെറ്റുകള്‍ തുറക്കുമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്നലെ അറിയിച്ചത്. ഇതിന് നിയമതടസ്സങ്ങളില്ലെന്നും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്കോ, വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കുന്നത്. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ല. അതിനാല്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മന്ത്രി വിശദീകരിച്ചു.

Also Read: എസ്ആര്‍ടിസി ഡിപ്പോകളിൽ ബെവ്കോ ഔട്ട്‍ലെറ്റുകള്‍ തുറക്കും; ഒഴിഞ്ഞുകിടക്കുന്ന മുറികൾ വാടകയ്ക്ക് നൽകും: മന്ത്രി

കെഎസ്ആർടിസി യിൽ ബെവ്കോ ഔട്ട് ലെറ്റ് തുടങ്ങാനുള്ള നടപടിയെ മണ്ടൻ തീരുമാനം എന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശേഷിപ്പിച്ചത്. മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതിയും പ്രതികരിച്ചു. കെഎസ്ആർടിസി ബസ്സ് സ്റ്റാന്‍ഡില്‍ ബിവറേജസ് ഔട്ട് ലെറ്റ് തുടങ്ങാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കും കെ സി ബി സി അറിയിച്ചു.

Also Read: കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍ മദ്യക്കടകൾ തുടങ്ങാമെന്നത് മന്ത്രിയുടെ വ്യാമോഹം; കെ സി ബിസി മദ്യവിരുദ്ധ സമിതി

 

click me!