കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണം: വി എം സുധീരൻ

By Web TeamFirst Published Jun 24, 2019, 3:38 PM IST
Highlights

സിപിഎം സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിന് ധാർമികമായിട്ടുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണമെന്നും വി എം സുധീരൻ വ്യക്തമാക്കി. 

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയെക്കുറിച്ച് പാർട്ടിയോടും ജനങ്ങളോടും കള്ളം പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സിപിഎം സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിന് ധാർമികമായിട്ടുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയണമെന്നും വി എം സുധീരൻ വ്യക്തമാക്കി. 

മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയെക്കുറിച്ച് നേരത്തേ അറിയില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ വാദം. എന്നാൽ ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്‍റെ ഓഫീസിൽ വച്ചാണെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ പി ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയതോടെ പ്രസ്തുത പരാതിയെക്കുറിച്ച് കോടിയേരിക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ചർച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താൻ ഫോണിൽ സംസാരിച്ചെന്നും വിഷയത്തിന്‍റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും  അഭിഭാഷകൻ വെളിപ്പെടുത്തി. എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും കെ പി ശ്രീജിത്ത് കൂട്ടിച്ചേർത്തു.

മകന് എതിരെ ഉയർന്ന ആരോപണത്തിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി നേതൃത്വത്തോട് രാജി സന്നദ്ധത പ്രകടിപ്പിച്ചതായുള്ള പ്രചാരണം നാടകം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. കോടിയേരിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് പാർട്ടി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

click me!