
ദില്ലി: നേതാക്കളുടെ വീട്ടിലെ ഇഡി റെയിഡിനെ കുറിച്ച് സിപിഎം വിശദീകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കരുവന്നൂർ വിഷയം നിയമസഭയിൽ ഉന്നയിക്കാത്ത പ്രതിപക്ഷത്തിനും തട്ടിപ്പില്‍ ബന്ധമുണ്ട്. പിണറായി ഐക്യ മുന്നണി ആണ് കേരളത്തിൽ ഭരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും കുടുംബവും വെട്ടിപ്പ് നടത്തിയെങ്കില്‍ അത് വിശദീകരിക്കാൻ പാർട്ടി തയ്യാറകണം. വീണാ വിജയന്‍റെ ബാംഗ്ലൂർ കമ്പനി കോടികൾ നൽകി ചെയ്യുന്ന 'ടാലി' സേവനം ആലുവയിൽ തുച്ഛമായ തുകയ്ക്ക് ചെയ്തു കിട്ടും. മൗനം കൊണ്ട് ഓട്ടയടച്ച് രക്ഷപ്പെടാമെന്ന് കരുതരുതെന്നും മുരളീധരൻ ദില്ലിയില്‍ പറഞ്ഞു.
കേന്ദ്ര സർക്കാർ കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം തീർക്കുന്നുവെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ പരാമർശം വി മുരളീധരൻ തള്ളി. കേരളത്തിനോട് വിവേചനം കാണിച്ചെങ്കിൽ സർക്കാർ വസ്തുതകൾ നിരത്തി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഘടന വാദികളുടെതിന് സമാനമായ ഭാഷയാണ് ബാലഗോപാലിന്‍റേത്. കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണ്. കടമെടുപ്പിൻ്റെ പരിധി സംബന്ധിച്ചുള്ള നീതി ആയോഗിന്റെ മീറ്റിങ്ങിൽ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതെന്നും മുരളീധരൻ ചോദിച്ചു. പാർട്ടി മീറ്റിംഗിന് ദില്ലിയിൽ വരുമ്പോൾ മാത്രം മന്ത്രിമാരെ കണ്ടാൽ പലതും പരിഹരിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam