
ചെന്നൈ:ഐടി ആക്ട് 69 പ്രകാരം നിരോധിച്ച ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ കേരള സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി.രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരാണ് കേരള സർക്കാരിന്‍റെ നിലപാട്.ഇടത് സംഘടനകൾ രാജ്യദ്രോഹത്തിന് കൂട്ടുനിൽക്കുന്നു.ഡോക്യുമെന്‍ററി പൂർണമായി നിരോധിക്കുമോ എന്നതിനോട് മുരളീധരൻ പ്രതികരിച്ചില്ല.വേണ്ട സമയത്ത് വിദേശകാര്യ മന്ത്രാലയം വേണ്ടത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസിൽ അനിൽ ആന്‍റണിക്കെങ്കിലും ബോധമുണ്ടായല്ലോ ,ഞങ്ങൾ നേരത്തേ പറഞ്ഞ നിലപാടാണ് ഈ വിഷയത്തിൽ തരൂരിന്‍റെ നിലപാടെന്നും വി മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്ത് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരോടുള്ള പോലീസ് സമീപനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അദ്ദേഹം നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചു.രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സുപ്രീംകോടതിയുടെ അന്തസും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധിച്ചത്.വിദേശമാധ്യമത്തിൻ്റെ വ്യാജപ്രചാരവേലയ്ക്ക് കേരളപോലീസിൻ്റെ കാവൽ ഏർപ്പെടുത്തിയതിൽ പിണറായി വിജയൻ ലജ്ജിക്കണം.രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള പഴയ കോളനിവാഴ്ചക്കാരുടെ കുടിലതയുടെ വക്താക്കളായി സിപിഎമ്മും കോൺഗ്രസും മാറി.ഇന്ത്യ മറന്നു തുടങ്ങിയ മുറിവുകൾ കുത്തിയുണർത്തുന്നത് എന്തിനു വേണ്ടിയെന്ന് പ്രബുദ്ധ കേരളം ചിന്തിക്കണം.ലോകത്തിൻ്റെ നെറുകയിലെത്താനുള്ള ഇന്ത്യൻ കുതിപ്പിനെ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചന തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam