'കരുതലും ജാഗ്രതയും ഉസ്മാനും പ്രവാസിക്കും മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്'; വി മുരളീധരന്‍

By Web TeamFirst Published Apr 14, 2021, 7:47 PM IST
Highlights

കൊവിഡ് നെഗറ്റീവായ ശേഷം  ഏഴു ദിവസം സമ്പർക്ക വിലക്ക് അനിവാര്യമായിരിക്കേ, മുഖ്യമന്ത്രിയുടെ ആശുപത്രിയിൽ നിന്നുള്ള മടക്കവും ആഘോഷമാക്കിയെന്ന് മുളീധരന്‍ ആരോപിക്കുന്നു.

തിരുവനന്തപുരം: കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയനെ നേരത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തതിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. കരുതലും ജാഗ്രതയും  ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണെന്ന് മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.
 
കൊവിഡ് പോസിറ്റീവായ മകൾ താമസിച്ച അതേ വീട്ടിൽ നിന്നാണ് പിണറായി വിജയൻ നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാൻ വന്നത്. ഏപ്രിൽ നാലിന് ധർമടത്ത് റോഡ് ഷോ നടത്തുമ്പോൾ തന്നെ പിണറായി വിജയൻ ഗബാധിതനായിരുന്നെന്ന് മാധ്യമങ്ങൾ പറയുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയിൽ സ്റ്റാഫിനെ അതേ വാഹനത്തിൽ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. കൊവിഡ് നെഗറ്റീവായ ശേഷം  ഏഴു ദിവസം സമ്പർക്ക വിലക്ക് അനിവാര്യമായിരിക്കേ, ആശുപത്രിയിൽ നിന്നുള്ള മടക്കവും ആഘോഷമാക്കിയെന്ന് മുളീധരന്‍ ആരോപിക്കുന്നു.

കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാൻ ആരോഗ്യവിദഗ്ധരോ മാധ്യമ സുഹൃത്തുക്കളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണ്. കരുതലും ജാഗ്രതയും  ഉസ്മാനും പ്രവാസിക്കും നാട്ടുകാർക്കും, മാത്രമല്ല മുഖ്യമന്ത്രിക്കും ബാധകമാണ്- മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇക്കഴിഞ്ഞ എട്ടിനാണ് കൊവിഡ് ബാധിതനായി മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലായിരുന്ന ഭാര്യ കമല കഴിഞ്ഞ ദിവസം രോഗ ബാധിത ആയെങ്കിലും മറ്റ് ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ അവരും ഇന്ന് ആശുപത്രി വിട്ടു. നേരത്തെ രോഗബാധിതയായിരുന്ന മുഖ്യമന്ത്രിയുടെ മകൾ വീണയും ഭർത്താവ് മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം നെഗറ്റിവായിരുന്നു.

click me!