
കോട്ടയം: കിഫ്ബിയിലും കിയാലിലും സിഎജി ഓഡിറ്റ് വേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ പറയുന്നത് അഴിമതി മൂടിവയ്ക്കാനാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ആരോപിച്ചു. പാലാരിവട്ടം പാലം അഴിമതിയില്‍ കുറ്റക്കാരായ മുഴുവന്‍ ആളുകളെയും പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. മരടില്‍ ക്രമക്കേട് നടത്തിയ ഫ്ലാറ്റ് നിര്‍മ്മാതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫ്ലാറ്റ് ഉടമകളെ മുന്നില്‍ നിര്‍ത്തി നിര്‍മ്മാതാക്കളെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്നാണ് വി മുരളീധരന്‍ ആരോപിച്ചത്. മരട് വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരാണ് ഉചിതമായ തീരുമാനമെടുക്കേണ്ടത്. ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണം. ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് കെട്ടിടം പണിയാന്‍ അനുമതി നല്‍കിയവരെ പ്രോസിക്യൂട്ട് ചെയ്യണം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
മരടും പാലാരിവട്ടവും അടക്കമുള്ള വിഷയങ്ങള്‍ മുമ്പിലുണ്ടായിട്ടും കേരളത്തില്‍ അഴിമതിയൊന്നുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. അദ്ദേഹം ഇരട്ടത്താപ്പിന്‍റെ അപ്പോസ്തലനാണെന്നും മുരളീധരന്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ കോടതിവിധി വന്നശേഷം ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തും. രാമജന്മഭൂമി വിഷയത്തിൽ നിയമം കൊണ്ടുവരാത്തത് കോടതിയിൽ കേസ് നടക്കുന്നതുകൊണ്ടാണ്. നിയമ നിർമ്മാണത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് ആത്മാർത്ഥതയില്ലെന്നും വി മുരളീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam