
ആലപ്പുഴ: എ വിജയരാഘവൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. വിജയരാഘവൻ പാർട്ടി തന്നെ തള്ളിയ നേതാവാണെന്നും മുഖ്യമന്ത്രി ജനങ്ങളുടെ ജീവൻ വച്ചാണ് കളിച്ചതെന്നുമാണ് കേന്ദ്രമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയെ താൻ വിമർശിച്ചത് മൃദുവായാണെന്ന് പറഞ്ഞ മുരളീധരൻ കേന്ദ്രമന്ത്രി മിണ്ടാതിരിക്കണമെന്നുണ്ടോയെന്നാണ് ചോദിക്കുന്നത്. പരാമർശത്തിൽ തെറ്റില്ലെന്നും കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്നത് എകെജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ടതില്ലെന്നും മുരളീധരൻ ആലപ്പുഴയിൽ പറഞ്ഞു.
മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ മുരളീധരനെ അനുവദിക്കില്ലെന്നായിരുന്നു സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞത്. അപഥ സഞ്ചാരത്തിന് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുന്ന ആളാണ് മുരളീധരനെന്നതടക്കമുള്ള രൂക്ഷ വിമർശനങ്ങളും വിജയരാഘവൻ നടത്തിയിരുന്നു.
ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ ദുഷ്ചെയ്തികളെ എതിർക്കുമെന്നും പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ പരാമർശമാണ് താൻ നടത്തിയതെന്നാണ് വി മുരളീധരൻ്റെ വാദം. കേന്ദ്ര മന്ത്രി മിണ്ടാതിരിക്കണം എന്ന നിലപാടാണ് കേരളത്തിൽ, സിപിഎം ജീവന് ഭീഷണി ഉയർത്തിയ കാലത്ത് പോലും പിൻമാറിയിട്ടില്ല - വി മുരളീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam