
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി വിഎസിന്റെ മകൻ വി എ അരുൺകുമാർ. അഴിമതിക്കും പരിസ്ഥിതിക്കും സാധാരണക്കാരൻ്റെ നീതിക്കും വേണ്ടി പോരാടണമെന്നും ആ പഴയ കരുത്തിലേക്ക് തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചുവെന്നും വിഎ അരുൺകുമാർ പറഞ്ഞു. ഫേസ്ബുക്കിലാണ് അരുൺ കുമാറിൻ്റെ വിമർശനം. പാർട്ടി നിലപാടുകളിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമാണെന്ന സൂചന നൽകിയാണ് എഫ്ബി പോസ്റ്റ്.
ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ ഗൗരവമായി കാണുമെന്ന് വിഎസിന് ബോധ്യമുണ്ടായിരുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും അരുൺ കുമാർ പറയുന്നു. അതേസമയം, കനത്ത പരാജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി. ക്ലിഫ് ഹൗസ് ഒഴിയും. നിലവിൽ കോൺഗ്രസിൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ദില്ലിയിലടക്കം ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആൾക്കൂട്ടങ്ങളിൽ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.
പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam