Republic Day Parade : ഗുരുവിനോടുള്ള കേന്ദ്രത്തിന്‍റെ അയിത്തം സംസ്ഥാന ബിജെപിക്കുണ്ടോ?; മന്ത്രി വി ശിവൻകുട്ടി

By Web TeamFirst Published Jan 13, 2022, 5:15 PM IST
Highlights

ജാതിവിവേചനത്തിനും അനാചാരങ്ങൾക്കും എതിരായിരുന്നു ഗുരുവിന്റെ പ്രവർത്തനം.  ബിജെപിക്ക്‌ വേണ്ടെങ്കിലും നവോത്ഥാന കേരളം ശ്രീനാരായണ ഗുരുവിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ (Republic day parade) നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യം (Kerala Tableau) ഒഴിവാക്കിയ കേന്ദ്ര നടപടിയില്‍ ബിജെപ്പിക്കെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശ്രീനാരായണ ഗുരുവിനോടുള്ള (Sreenarayana Guru) കേന്ദ്രത്തിന്റെ അയിത്തം സംസ്ഥാന ബിജെപിക്ക് ഉണ്ടോയെന്ന് ശിവന്‍കുട്ടി ചോദിച്ചു. ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ മുന്നിൽവെച്ചുള്ള കേരളത്തിന്‍റെ റിപ്പബ്ലിക് ദിന ഫ്ലോട്ടിന് അനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ജാതിവിവേചനത്തിനും അനാചാരങ്ങൾക്കും എതിരായിരുന്നു ഗുരുവിന്റെ പ്രവർത്തനം. അതുകൊണ്ട് തന്നെയാണ് ഗുരുവിനെ കൂടി കേരളത്തിന്റെ ഫ്ലോട്ടിൽ ഉൾപ്പെടുത്തിയത്. ബിജെപിക്ക്‌ വേണ്ടെങ്കിലും നവോത്ഥാന കേരളം ഗുരുവിനോട് കടപ്പെട്ടിരിക്കുന്നു. ജൂറിയിലെ അംഗങ്ങൾ മികച്ച അഭിപ്രായം പറഞ്ഞിട്ടും അവസാന നിമിഷം കേരളത്തെ ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്തുകൊണ്ടാണ് കേരളത്തെ ഒഴിവാക്കിയത് എന്ന്‌ പരസ്യമായി പറയാനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമയുള്ള പ്ലോട്ട് ഒഴിവാക്കിയതിനെതിരെ രംഗത്ത് വന്നിരുന്നു. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിക്കുന്നുവെന്നും  തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നത് കൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുന്നില്‍വെച്ചുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതെന്നും കോടിയേരി ആരോപിച്ചു. 
 

click me!