
തിരുവനന്തപുരം: കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേക്ക് രാഷ്ട്രീയത്തിന്റെ തടവുകാരോട്. ഒഡീഷയിലും കന്യാസ്ത്രീകൾക്കും മലയാളി വൈദികർക്കും മർദനമേറ്റു. അക്രമത്തെ അതിശക്തമായി അപലപിക്കുന്നു. ഇനിയെങ്കിലും ആട്ടിൻതോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിന് പിന്നാലെ ഒഡീഷയിലും കന്യാസ്ത്രീകൾക്ക് നേരെ നടന്ന അതിക്രമത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ വൈകിട്ടാണ് ഒഡീഷയിൽ മലയാളി കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ബജ്രംഗ്ദൾ അതിക്രമം ഉണ്ടായത്. കുർബാനയ്ക്ക് പോയപ്പോഴാണ് 70 അംഗ ബജ്രംഗ്ദൾ സംഘം വൈദികരെയും കന്യാസ്ത്രീകളെയും തടഞ്ഞു വച്ച് അക്രമം കാട്ടിയത്. ഒപ്പമുള്ളവരെ ക്രൂരമായി കൈയ്യേറ്റം ചെയ്തെന്നും ബൈക്കിന്റെ പെട്രോൾ ഊറ്റിക്കളഞ്ഞുവെന്നും അതിക്രമത്തിന് ഇരയായവർ വെളിപ്പെടുത്തി.
അതിക്രമത്തിൽ പരാതി നൽകുന്നതിൽ അന്തിമ തീരുമാനം ബാലാസോർ അതിരൂപത ഇതുവരെ എടുത്തിട്ടില്ലെന്നാണ് വിവരം. അറസ്റ്റ് ചെയ്യുന്നുവെന്ന് ജനക്കൂട്ടത്തോട് പറഞ്ഞാണ് പൊലീസ് വൈദികരെയും കന്യാസ്ത്രീകളെയും രക്ഷപ്പെടുത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും കർശനനടപടി എടുക്കാത്തിൽ ക്രൈസ്തവ സഭക്കിടയിൽ കേന്ദ്രസർക്കാരിനോടുള്ള അതൃപ്തി പ്രകടമാകുകയാണ്. അക്രമം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കാട്ടി ഇടത് വലത് എംപിമാർ നൽകിയ നോട്ടീസ് ഇരുസഭകളും തള്ളി. ഇടത് എംപിമാർ സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.