
തിരുവനന്തപുരം: പിണറായി വില കൂടിയ മത്സ്യമേ കഴിക്കൂ എന്ന സിപിഐ നേതാവ് സി ദിവാകരന്റെ അഭിമുഖത്തിലെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു. പിണറായി വിജയന്റെ മൽസ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്. ഈ പരാമർശത്തിനാണ് ശിവൻകുട്ടി മറുപടി പറഞ്ഞത്.
ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടം. അതിന് എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ല. സി ദിവാകരൻ്റെ പ്രതികരണം ഓർമ്മക്കുറവ് കൊണ്ടായിരിക്കാം. ബുക്ക് ആകുമ്പോ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേയെന്നും ശിവൻ കുട്ടി പ്രതികരിച്ചു. പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരൻ്റെ വിവാദ പ്രസ്താവന. ആനത്തലവട്ടം ആനന്ദൻ വിഎസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.
എന്നാൽ പരാമർശം വിവാദമായതോടെ ആനത്തലവട്ടം ആനന്ദൻ്റെ മകൻ ജീവ പ്രതികരണവുമായി രംഗത്തെത്തി. ദിവാകരനെ തള്ളിയാണ് ജീവയുടെ പ്രതികരണം. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ജീവ പറയുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു പിണറായി ചോദിച്ചു. അപ്പോൾ അടുത്ത് നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയതെന്ന് മകൻ ജീവ ആനന്ദൻ ഫേസ്ബുക്കിൽ പറയുന്നു.
ഭക്ഷണത്തിന്റെ രാഷ്ട്രീയം
പാർടിയുടെ തലമുതിർന്ന സഖാക്കൾ ഇ.എം.എസ്സും ബി.ടി.ആറും തുടങ്ങി സാധാരണ സഖാക്കളും നാട്ടുകാരുമൊക്കെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. വിശപ്പിന്റെ വില നന്നായി അറിയുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. അതുകൊണ്ടു തന്നെ കിട്ടുന്ന ഭക്ഷണം കഴിക്കും. പരാതി പറഞ്ഞതായി ഇന്നു വരെ കേട്ടിട്ടില്ല. അമ്മയ്ക്ക് ഭക്ഷണവും മരുന്നാണ്.. ഇതു വീട്ടിൽ വരുന്ന പല സഖാക്കൾക്കും അറിയാം. പലപ്പോഴും ഗുണമുള്ള മലക്കറി സൂപ്പും പലധാന്യ കുറുക്കുമെല്ലാം രുചിയില്ലെങ്കിലും ഗുണത്തെ ഓർത്തു പലരും കുടിച്ചിട്ടുണ്ട്.
സഖാവ് ഇ.എം.എസ് കഴിക്കുന്ന ഭക്ഷണ രീതി കണ്ടും കേട്ടുമാണ് വളർന്നിട്ടുള്ളത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ പാത്രത്തിൽ കളയാൻ ഒന്നും കാണില്ല. എല്ലാം കഴിച്ചു പാത്രത്തിൽ എന്തെങ്കിലും പറ്റിയിരുന്നാൽ അതും എടുത്തു കഴിച്ച് ക്ലീൻ ആക്കി വയ്ക്കും. ഞങ്ങൾ കഴിക്കുമ്പോൾ ഒരു ചോറു താഴെ പോയാൽ അതെടുത്ത് കഴിച്ചേ മതിയാകൂ. കളയാൻ അമ്മ സമ്മതിക്കില്ല. ചോറു താഴെ പോയാൽ അപ്പോൾ സഖാവ് ഇ.എം.എസ്. ഭക്ഷണം കഴിക്കുന്ന രീതി പറഞ്ഞു തരും.
തെരഞ്ഞെടുപ്പു കാലങ്ങളിലും പാർടി സമ്മേളനങ്ങൾ നടക്കുമ്പോഴും നേതാക്കൾ ചിറയിൻകീഴ് വരുമ്പോൾ ഭക്ഷണം തയ്യാറാക്കാറുണ്ടായിരുന്നു. നേതാക്കൾക്ക് ഭക്ഷണത്തിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടെങ്കിൽ അതു എ.കെ.ജി. സെന്ററിൽ നിന്നും വിളിച്ചറിയിക്കും. സ. ഇ.എം.എസ്സിനു കറികളിൽ ഉപ്പും എരിവും പുളിയുമൊന്നും പാടില്ല. തേങ്ങാപ്പാലിൽ മീൻ വേവിച്ച് അതിൽ ഒരു തക്കാളി അരിഞ്ഞു ഇടും. അങ്ങിനെയാണ് സ. ഇ.എം.എസ്. കഴിക്കുന്നത്. ബി.ടി.ആറിനും എരിവും ഉപ്പും പാടില്ല. ബി.ടി.ആറിനു തയ്യാറാക്കിയ ഭക്ഷണം പാത്രത്തിലാക്കി പ്രത്യേകം പേരെഴുതി ഒട്ടിച്ചു വച്ചിരുന്നു എന്നു അമ്മ ഓർക്കുന്നു.
സ. ഗൌരിയമ്മയ്ക്ക് പൊടിയരി കഞ്ഞിയും കായ് കൊണ്ടുള്ള അവിയലും. അതിൽ കടുക് വറുക്കാൻ പാടില്ല. കുഞ്ഞന്മാർക്ക് കൊടുത്തോടൊ എന്നു ചോദിച്ചിട്ടേ സ. ഗൌരിയമ്മ കഴിക്കൂ... സുശീല സഖാവിനു എന്തു കൊടുത്താലും കഴിക്കും.. അതു കൊണ്ടു തന്നെ അമ്മയ്ക്ക് ടെൻഷനുമില്ല.
അമ്മയ്ക്ക് ഇപ്പോഴും വിഷമമുള്ളത് ഒരു ദിവസം ഉച്ചയ്ക്ക് ഊണു നേരം കഴിഞ്ഞ ശേഷം അച്ഛൻ പിരപ്പൻകോട് മുരളി സഖാവിനെയും കൊണ്ടു വന്നപ്പോൾ ചോറും കുറച്ച് നെത്തോലിക്കറിയും മാത്രമാണ് ഉണ്ടായിരുന്നത്. കൊടുത്ത ഭക്ഷണം കഴിച്ചു സഖാവ് സന്തോഷത്തോടെ പോയി.
നായനാർ സഖാവ് പല പ്രാവശ്യം വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. സഖാവ് വി.എസ്. ഒരിക്കൽ എത്തുമെന്ന് പറഞ്ഞ ദിവസം വന്നില്ല. പക്ഷെ പിന്നൊരിക്കൽ വന്നപ്പോൾ കൂവരക് കാച്ചിയത് കുടിച്ചു, ഒരു പഴവും കഴിച്ചു. മറ്റു ഭക്ഷണമൊന്നും കഴിച്ചില്ല.
കാട്ടായിക്കോണം സഖാവ് എല്ലാ അശ്വതി-ഭരണി ഉത്സവത്തിനും അശ്വതി ദിവസം ആശാരി സഖാവും ആയി എത്തുമായിരുന്നു. ആൽത്തറമൂട് കരയിൽ തിരുവിഴ ജയശങ്കറിന്റെ നാഗസ്വരവും വളയപ്പെട്ടി സുബ്രഹ്മണ്യത്തിന്റെ തകിലും കേൾക്കാൻ. അപ്പോൾ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കും.
പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു ചോദിച്ചു. അപ്പോൾ അടുത്ത നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയത്.
കരിമീനും പരിച്ചിലുമായിരിക്കും മിക്കവാറും നേതാക്കൾ വരുമ്പോൾ ഉള്ള സ്പെഷ്യൽ. നാട്ടിലെ സഖാക്കളാണ് മീൻ എത്തിക്കുന്നത്. നക്സൽ മാമൻ, തുളസി മാമൻ എന്നിവരൊക്കെ. ഭക്ഷണം പാചകം ചെയ്യാൻ അമ്മയെ സഹായിക്കാനായി ഭാരതി അമ്മ വരും. ഭാരതി അമ്മ സൂപ്പറായി മീൻകറി വയ്ക്കും. അമ്മ ചപ്പാത്തി ഉണ്ടാക്കും. അതിനു മാവു കുഴയ്ക്കാനും മറ്റും ഞങ്ങളും സഹായിക്കും. ഒരിക്കൽ കൊഞ്ച് നുള്ളിയെടുത്തത് ഞാനായിരുന്നു.. ഭക്ഷണം വിളമ്പാൻ സഹായിക്കുന്നത് കനകൻ മാമൻ (സ. കനകദാസ്) ആണ്. മാമൻ ആകുമ്പോൾ എല്ലാർക്കും വിളമ്പി എത്തിക്കും.
മേൽപ്പറഞ്ഞവർ മാത്രമല്ല, മുതിർന്ന സഖാക്കളും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം പലപ്പോഴും വീട്ടിൽ വന്നിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുമുണ്ട്. 2016, 2017 ഓണത്തിനുള്ള വള്ളംകളിക്കു പക്ഷേ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണമല്ലായിരുന്നു. പുറത്തു നിന്നും വരുത്തി നല്കുകയായിരുന്നു.
അച്ഛൻ എം.എൽ.എ ആയിരുന്ന കാലഘട്ടത്തിലൊക്കെ അവധി ദിവസങ്ങളിൽ അച്ഛനെ കാണാൻ വരുന്നവരൊക്കെ പോയി അച്ഛനും ഇറങ്ങിയ ശേഷമായിരുന്നു ഞാൻ ഭക്ഷണം കഴിച്ചിരുന്നത്. കാരണം വരുന്നവരിൽ ചിലരോടെങ്കിലും ഭക്ഷണം കഴിച്ചോ എന്നു അച്ഛൻ ചോദിക്കുമ്പോൾ കഴിച്ചില്ല എന്നു പറഞ്ഞാൽ ലൈലേ... കാപ്പി കൊടുക്കൂ എന്ന് വിളിച്ചു പറയും. ഉണ്ടാക്കിയ ഭക്ഷണം തീർന്നു പോയാൽ അമ്മയ്ക്ക് അങ്കലാപ്പാകും. ഇതു മനസ്സിലാക്കി ഞാൻ അത്തരം ദിവസങ്ങളിൽ ആളൊഴിഞ്ഞ ശേഷം ഉച്ചയോടെ ആയിരിക്കും രാവിലത്തെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളൂ..
ഇതൊന്നും പറയണമെന്ന് വിചാരിച്ചതല്ല..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam