വീണ്ടും സതീശന്‍-ശിവന്‍കുട്ടി പോര്; സതീശന് ബിജെപിയുമായി ഡീലെന്ന് ശിവന്‍കുട്ടി, 'നേമത്ത് ബിജെപിയെ കോണ്‍ഗ്രസ് സഹായിക്കും, പറവൂരില്‍ തിരിച്ചും'

Published : Jan 30, 2026, 03:44 PM IST
VD Satheesan V Sivankutty

Synopsis

നേമത്ത് മത്സരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് ഡീലിന്റെ ഭാഗമെന്ന് ശിവൻകുട്ടി ആരോപിച്ചു. നേമത്ത് ബിജെപിയെ കോൺഗ്രസ് സഹായിക്കും.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും തമ്മിലുള്ള പോര് തുടരുന്നു. നേമത്ത് മത്സരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് ഡീലിന്റെ ഭാഗമെന്ന് ശിവൻകുട്ടി ആരോപിച്ചു. നേമത്ത് ബിജെപിയെ കോൺഗ്രസ് സഹായിക്കും. പകരം പറവൂരിൽ കോൺഗ്രസിന് ബിജെപി വോട്ടുകള്‍ നൽകുമെന്നാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം. ഒത്തുകളി പുറത്തുവരുമ്പോൾ പ്രതിപക്ഷ നേതാവിന് പരിഭ്രമമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നേമത്ത് വന്ന് മത്സരിക്കാൻ സതീശന് ധൈര്യമുണ്ടോ ഇന്നലെ വി ഡി സതീശനെതിരെ ശിവൻകുട്ടി വെല്ലുവിളിച്ചിരുന്നു.

വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്. നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക—ഇതാണ് ഈ 'ഡീലിന്റെ' അന്തസത്ത. ഈ ഒത്തുകളി പുറത്തുവരുമ്പോൾ ഉണ്ടായ പരിഭ്രമമാണ് ചർച്ച വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച് സതീശൻ നടത്തുന്ന വിലാപങ്ങൾക്ക് പിന്നിൽ.

തിരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് എന്ന് സതീശൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ, അത് സതീശന് ഒരു 'യഥാർത്ഥ വിഷയമായി' തോന്നാത്തത് എന്തുകൊണ്ടാണ്? ഈ മണ്ണിൽ വർഗീയത വിതയ്ക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി നേരിടേണ്ട വിഷയം തന്നെയല്ലേ?

ഒരേ സമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി.ഡി. സതീശൻ കൈക്കൊള്ളുന്നത്. വർഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.

മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളെയും എകെജി സെന്ററിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമം സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. ഉന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന് പകരം, വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചർച്ചയെ താഴ്ത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് എപ്പോഴും ശ്രമിക്കുന്നത്. യഥാർത്ഥത്തിൽ വി ഡി സതീശനെ നിയന്ത്രിക്കുന്നത് പി ആർ ഏജൻസികളാണ്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ കനഗോലു ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്ന ജനങ്ങൾ തന്നെയാണ്.

"പബ്ലിസിറ്റി തരല്ലേ" എന്ന് കേഴുന്ന സതീശൻ യഥാർത്ഥത്തിൽ ഭയപ്പെടുന്നത് ജനങ്ങൾക്ക് മുന്നിൽ തന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടുമെന്നതാണ്. തോട്ടിയിട്ട് പിടിക്കാൻ നോക്കുന്നു എന്നൊക്കെയുള്ള പ്രയോഗങ്ങൾ പരിഹാസ്യമാണ്. രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തവരാണ് ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങളുമായി വരുന്നത്.

ബിജെപിയുമായുള്ള വഴിവിട്ട ബന്ധം മറച്ചുവെക്കാൻ നടത്തുന്ന ഈ നാടകങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല. വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനം; പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി, കെ കെ രാ​ഗേഷ് അടക്കമുള്ളവർക്ക് നോട്ടീസ്
യൂത്ത് കോൺഗ്രസ് മാർച്ചില്‍ സംഘർഷം, സംസ്ഥാന അധ്യക്ഷൻ ഒ ജെ ജെനീഷ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു