'അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, ഡോക്ട‍ര്‍മാരോട്, പാർട്ടിയോട്...'; നന്ദി പറഞ്ഞ് വിഎസിൻ്റെ മകൻ വിഎ അരുൺകുമാര്‍

Published : Jul 24, 2025, 02:12 PM IST
VA Arunkumar praying V S Achuthanandan

Synopsis

വിഎസ് അച്യുതാനന്ദൻ്റെ സംസ്‌കാരത്തിന് പിന്നാലെ അച്ഛനെ സ്നേഹിച്ചവ‍ര്‍ക്ക് നന്ദി പറഞ്ഞ് മകൻ

തിരുവനന്തപുരം: അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നായിരുന്നു പ്രതീക്ഷയെന്നും പെട്ടന്നാണ് എല്ലാം മാറിയതെന്നും വിഎസ് അച്യുതാനന്ദൻ്റെ മകൻ വിഎ അരുൺകുമാര്‍. അച്ഛൻ്റെ വിയോഗം ഉൾക്കൊള്ളാൻ ആയിട്ടില്ല. ജൂലൈ 21 ന് ഉച്ച ആയപ്പോഴാണ് നില ഗുരുതരമെന്ന് ഡോക്ടർമാർ പറഞ്ഞത്. എല്ലാം ക്ലിയർ ആയി വരുന്നു എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അച്ഛന്റെ വിയോഗം അംഗീകരിക്കാൻ കുറച്ചു സമയമെടുക്കും. വലിയ ചുടുകാട് എത്തും വരെ ആളുകൾ കാത്തു നിന്നു സ്വീകരിച്ചുവെന്ന് പറഞ്ഞ അദ്ദേഹം, വിഎസിനെ ചികിത്സിച്ച ഡോക്ട‍ര്‍മാരോടും നെഞ്ചേറ്റിയ ജനസഹസ്രങ്ങളോടും സിപിഎമ്മിനും നന്ദി അറിയിച്ചു.

ഫെയ്സ്ബുക്കിലെ കുറിപ്പ്

ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്. കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി. രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ കഴിഞ്ഞില്ല. പലർക്കും ഇക്കാര്യത്തിൽ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയിൽ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ പോലും ഏറെ സമയമെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓർത്തെടുക്കാനാവുന്നുള്ളു. അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു. എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്....

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും