കേന്ദ്രത്തോട് ചോദിച്ച 50 ലക്ഷം ഡോസ് വാക്സീൻ കിട്ടിയില്ല, രണ്ടാം ഡോസ് വാക്സീൻ പലർക്കും മുടങ്ങി

By Web TeamFirst Published Apr 20, 2021, 1:43 PM IST
Highlights

തിരുവനന്തപുരം, കൊല്ലമടക്കം തെക്കൻ കേരളത്തിലാണ് വാക്സീൻ ക്ഷാമം രൂക്ഷം. തലസ്ഥാനത്തെ റീജിയണൽ വാക്സീൻ സ്റ്റോറിൽ ഇനി വാക്സീനില്ല. 200ലധികം ക്യാംപുകൾ പ്രവർത്തിച്ച തിരുവനന്തപുരത്ത് ഇത് 30 ആയി ചുരുങ്ങി

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം കുതിക്കുന്നതിനിടെ വാക്സീൻ ക്ഷാമത്തിൽ വലഞ്ഞ് സംസ്ഥാനം. മിക്കയിടത്തും മാസ് വാക്സീനേഷൻ മുടങ്ങി. തിരുവനന്തപുരം റീജനൽ വാക്സീൻ സ്റ്റോറിൽ വാക്സീൻ പൂർണമായും തീർന്നു. വാക്സീനേഷൻ മുടങ്ങിയതോടെ രണ്ടാം ഡോസ് വാക്സീനെടുക്കാൻ കാത്തിരിക്കുന്നവർ ആശങ്കയിലാണ്. 50 ലക്ഷം ഡോസ് വാക്സീൻ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എപ്പോഴെത്തുമെന്ന് ഇതുവരെ ഉറപ്പില്ല.

തിരുവനന്തപുരം, കൊല്ലമടക്കം തെക്കൻ കേരളത്തിലാണ് വാക്സീൻ ക്ഷാമം രൂക്ഷം. തലസ്ഥാനത്തെ റീജിയണൽ വാക്സീൻ സ്റ്റോറിൽ ഇനി വാക്സീനില്ല. 200ലധികം ക്യാംപുകൾ പ്രവർത്തിച്ച തിരുവനന്തപുരത്ത് ഇത് 30 ആയി ചുരുങ്ങി.  ഇതിൽത്തന്നെ മിക്കയിടത്തും വാക്സീൻ ഇല്ല. കൊല്ലത്ത് ഇന്ന് വെറും 16 ക്യാമ്പുകളാണുള്ളത്. പാലക്കാട് ഇന്നത്തോടെ സ്റ്റോക്ക് തീരും. മറ്റു ജില്ലകളിൽ തൽക്കാലത്തേക്ക് സ്റ്റോക്ക് ഉണ്ടെങ്കിലും മാസ് വാക്സീനേഷൻ വെട്ടിച്ചുരുക്കി.  

അതേസമയം എറണാകുളത്ത് 113 കേന്ദ്രങ്ങളിലായി ഇന്ന് 25,000 പേർക്ക് വാക്സീൻ നൽകും. മധ്യമേഖലക്ക് ലഭിച്ചിരിക്കുന്ന സ്റ്റോക്കിൽ നാളെ 30,000 ഡോസ് എറണാകുളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കോഴിക്കോട്  നിലവിൽ വാക്സീൻ ക്ഷാമമില്ല.  40,000 ഡോസ് വാക്സീൻ ഉണ്ട്. ഇന്ന് അഞ്ചിടങ്ങളിൽ സ്പെഷ്യൽ വാക്സീനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 114 വാക്സീനേഷൻ കേന്ദ്രങ്ങളുണ്ട്. കണ്ണൂർ 30000 ഡോസ് വാക്സീൻ നിലവിലുണ്ട് .ഇന്ന് മാസ് വാക്സിനേഷന് നിലവിലുളള ഡോസ് പര്യാപ്തമാണ്.  കാസർകോട്  28000 ഡോസ് വാക്സിൻ നിലവിലുണ്ട് . രണ്ട് ദിവസത്തേക്ക് പര്യാപ്തം.  

50 ലക്ഷം ഡോസ് വാക്സിൻ കൂടി അടിയന്തിരമായി കേന്ദ്രത്തോടാവശ്യപ്പെട്ടിട്ട് 3 ദിവസം പിന്നിട്ടെങ്കിലും എപ്പോൾ ലഭിക്കുമെന്നതിൽ തീരുമാനമായിട്ടില്ല. വാക്സിൻ വൈകിയാൽ രോഗവ്യാപന നിരക്ക് വാക്സീനേഷൻ നിരക്കിനെ മറികടക്കുമെന്നാണ് ആശങ്ക.

click me!