
കോഴിക്കോട്: വടകര സിപിഎമ്മിൽ വിമതനീക്കം. പി കെ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പാർട്ടി അംഗങ്ങളടക്കം നാൽപ്പതോളം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. സിപിഎം അംഗങ്ങളടക്കം പാർട്ടി അനുഭാവികളായവരാണ് മണിയൂർ തുറശ്ശേരി മുക്കിൽ പ്രതിഷേധിച്ചത്.
വകരയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് വടകര മുന്‍ ഏരിയാ സെക്രട്ടറി പി കെ ദിവാകരന്‍ അടക്കം 11 പേരെ ഒഴിവാക്കാനും പുതുതായി 13 പേരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചത്. സമ്മേളനത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ദിവാകരനെ അനുകൂലിച്ചും നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുമുളള പ്രതികരണങ്ങള്‍ നിറഞ്ഞിരുന്നു.
ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനൊപ്പം വടകര നഗരസഭാധ്യക്ഷ കെപി ബിന്ദുവിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും ദിവാകരന്‍ അനുകൂലികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ദിവാകരനെതിരെ 2016ലെയും 2021ലെയും കുറ്റ്യാടി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ജില്ലാ നേതൃത്വത്തിന് ഭിന്നതകള്‍ തുടങ്ങിയതെന്നാണ് വിവരം. ഇക്കുറി ഏരിയാ സമ്മേളനത്തില്‍ മല്‍സരം നടക്കുക കൂടി ചെയ്തതോടെ എതിര്‍പ്പ് രൂക്ഷമായി. ഏരിയാ സമ്മേളനത്തില്‍ ദിവാകരനെ അനുകൂലിക്കുന്ന നാലു പേര്‍ മല്‍സരിച്ചത് വിഭാഗീയതയുടെ ഭാഗമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. നിലവില്‍ ഏരിയാ കമ്മിറ്റിയിലും ഇല്ലാത്തതിനാല്‍ പുതിയ ജില്ലാ കമ്മിറ്റിയാകും ഇനി ദിവാകരന്‍ പ്രവര്‍ത്തിക്കേണ്ട ഘടകമേതെന്ന കാര്യമടക്കം തീരുമാനിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam