വടക്കഞ്ചേരി ബസ് അപകടം; സ്കൂള്‍ അധികൃതരുടെ ഭാഗത്തും വീഴ്ച്ച സംഭവിച്ചെന്ന് ഹൈക്കോടതി

Published : Oct 14, 2022, 04:16 PM ISTUpdated : Oct 14, 2022, 04:41 PM IST
വടക്കഞ്ചേരി ബസ് അപകടം; സ്കൂള്‍ അധികൃതരുടെ ഭാഗത്തും വീഴ്ച്ച സംഭവിച്ചെന്ന് ഹൈക്കോടതി

Synopsis

കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങൾക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ - പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡങൾ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ച്ചയാണെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകൾ, ഓട്ടോ ഷോസ് എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണർ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ - പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്തെ സ്കൂളുകളിൽ നിന്നും പഠന വിനോദ യാത്രക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പുതിയ സർക്കുലർ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നിലവിലുള്ള ഉത്തരവുകള്‍ കർശനമാക്കികൊണ്ടാണ് പുതിയ സർക്കുലർ. വടക്കഞ്ചേരി അപകടത്തിൽപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ഗുരുതരവീഴ്ചയാണ് ഇക്കാര്യത്തിൽ കാണിച്ചത്. എല്ലാ സ്കൂളുകള്‍ക്കും സർ‍ക്കാർ ഉത്തരവ് ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്കൂളുകളില്‍ നിന്ന് വിനോദയാത്ര പാടില്ലെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവു. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് 2020 മാർച്ച് 02 ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read: വടക്കഞ്ചേരി അപകടം:'സ്‍കൂള്‍ അധികൃതരുടേത് ഗുരുതര വീഴ്‍ച',മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ശിവന്‍കുട്ടി

അതേസമയം, വടക്കഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ ടൂറിസ്റ്റ് ബസുകളിൽ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്‍റ് വ്യാപക പരിശോധന നടത്തുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. സ്കൂൾ, കോളേജധികൃതരോട് വിനോദയാത്ര പോകും മുമ്പ് അറിയിപ്പ് നൽകണമെന്ന് മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം മാത്രമാകും വിനോദയാത്രകൾക്ക് അനുമതി നൽകുക. ഇന്ന് പുലര്‍ച്ചെ കൊല്ലത്തെ ടിടിസി കോളേജിൽ നിന്നും വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസ് എംവിഡി പിടിച്ചെടുത്തു. സർക്കാർ നിർദ്ദേശിച്ച വെള്ളനിറം ബസിൽ അടിച്ചിരുന്നില്ലെന്നും അനുവദനീയമായതിലും വലിയ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും ബസിലുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ചേര്‍ത്തലയിൽ നിന്നുള്ള വണ്‍‍ എസ് ബസാണ് എംവിഡി പിടിച്ചെടുത്തത്. വിനോദയാത്രക്കുള്ള അനുമതി മോട്ടോർ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥർ റദ്ദാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സതീശന് വട്ടാണ്, ഊളമ്പാറക്ക് അയക്കണം, ഈഴവ വിരോധി, സ്വീകരിക്കുന്നത് മുഖ്യമന്ത്രിയാകാനുള്ള അടവ് നയം'; രൂക്ഷ പരാമർശവുമായി വെള്ളാപ്പള്ളി
വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസം, ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ പ്രതികരിച്ച് മന്ത്രി; '9000 രൂപയുടെ ധനസഹായം തുടരും, വാടകപ്പണം സർക്കാർ നൽകും'