'ഇന്നാണ് വിധിയെന്ന് പോലും അറിഞ്ഞില്ല': പൊട്ടിക്കരഞ്ഞ് വാളയാർ പെൺകുട്ടികളുടെ അമ്മ

By Web TeamFirst Published Oct 25, 2019, 4:28 PM IST
Highlights
  • പാലക്കാട് പൊക്സോ കോടതിയാണ് കേസിൽ പ്രതികളായിരുന്ന വി മധു, എം മധു, ഷിബു എന്നിവരെ വെറുതെ വിട്ടത്
  • സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇന്നാണ് അന്തിമ വിധിയെന്ന കാര്യം പോലും അറിഞ്ഞില്ലെന്ന് അമ്മ പറഞ്ഞു

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ വെറുതെ വിട്ടതറിഞ്ഞ് പൊട്ടിക്കരഞ്ഞ് പെൺകുട്ടികളുടെ അമ്മ. അട്ടപ്പളം സ്വദേശികളായ ഋതിക(11) ശരണ്യ (9) എന്നീ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇന്നാണ് അന്തിമ വിധിയെന്ന കാര്യം പോലും അറിഞ്ഞില്ലെന്ന് അമ്മ പറഞ്ഞു.

പാലക്കാട് പൊക്സോ കോടതിയാണ് കേസിൽ പ്രതികളായിരുന്ന വി മധു, എം മധു, ഷിബു എന്നിവരെ വെറുതെ വിട്ടത്. 2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് പെൺകുട്ടികളെ വീടിനുള്ളില്‍ തുങ്ങിമരിച്ച നിലയിൽ ക​ണ്ടെത്തിയത്​. പെൺകുട്ടികൾ ​ലൈംഗിക പീഡനത്തിന്​ ഇരയായതായി പോസ്​റ്റ്​‌​മോർട്ടത്തിൽ വ്യക്തമായിരുന്നു.

"മൂത്ത കുട്ടി മരിച്ചപ്പോൾ അവളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസുകാർ ഞങ്ങളെ കാണിച്ചില്ല. രണ്ടാമത്തെ കുട്ടിയും മരിച്ചപ്പോഴാണ് അവരത് കാണിച്ചത്. എല്ലാ കാര്യങ്ങളും കോടതിയിൽ പറഞ്ഞതാണ്. എന്നിട്ടും എന്തുകൊണ്ടാണ് തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടതെന്ന് അറിയില്ല. ഞങ്ങൾക്കിനിയാരുണ്ട്? ബന്ധുക്കൾ പോലും ഈ കേസ് വന്നതിൽ പിന്നെ ഞങ്ങളോട് സംസാരിക്കാറില്ല," അമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"കേസന്വേഷണത്തിൽ വീഴ്ചയുണ്ട്. കേസിന്റെ ഒരു കാര്യവും ആരും ഞങ്ങളെ അറിയിച്ചിരുന്നില്ല," എന്നും അവർ പറഞ്ഞു. തുടക്കത്തിൽ പൊലീസ് കേസന്വേഷിക്കുന്നതിൽ കാണിച്ച വീഴ്ച വൻ വിവാദമായിരുന്നു. പിന്നീട് പൊലീസ് കേസ് അന്വേഷിച്ചെങ്കിലും തെളിവ് കണ്ടെത്താനായില്ല.

തെളിവുകളുടെ അഭാവത്തിൽ മൂന്നാം പ്രതിയെ നേരത്തെ തന്നെ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. മറ്റ് മൂന്ന് പ്രതികളെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. കേസിലെ പ്രായപൂർത്തിയാകാത്ത ഒരു പ്രതിക്കെതിരെ ജുവനൈൽ കോടതിയിൽ വാദം പുരോഗമിക്കുന്നുണ്ട്. ഇതിൽ അടുത്ത മാസം വിധി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

click me!