
മലപ്പുറം: വണ്ടൂർ ഗ്രാമ പഞ്ചായത്ത് അംഗവും ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സി.കെ. മുബാറക് (61) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചെത്തി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി കെ മുബാറക്ക് കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ചുമതലയേൽക്കാൻ മുബാറക്ക് സത്യപ്രതജ്ഞ ചൊല്ലിയത് പി പി ഇ കിറ്റ് ധരിച്ച് ആംബുലൻസിൽവെച്ചാണ്. കൊവിഡും മറ്റ് അനാരോഗ്യങ്ങളും ആശുപത്രി കിടക്കയിലാക്കിയപ്പോഴും സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏൽക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂർ ഗ്രാമപഞ്ചായത്ത് കാര്യാലയ പരിസരത്ത് നടന്ന ചടങ്ങിലെത്തിച്ചത്. വാരണാധികാരി സി ആർ മുരളീകൃഷ്ണൻ പി പി ഇ കിറ്റ് ധരിച്ച് വാഹനത്തിന് സമീപമെത്തി ഇദ്ദേഹത്തിന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തിരുന്നു.
കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. ചടങ്ങിന് ശേഷം മുബാറക്ക് ആശുപത്രിയിലേക്ക് തന്നെ തിരികെ പോയി. തദ്ദേശ തെരഞ്ഞെടുപ്പിൽ വണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡായ മുടപ്പിലാശേരിയിൽ നിന്ന് കടുത്ത മത്സരം നേരിട്ടാണ് ഇദ്ദേഹം വിജയം നേടിയത്. ഫലം വരുന്നതിന് മുൻപ് തന്നെ രോഗബാധിതനായ ഇദ്ദേഹമായിരുന്നു വണ്ടൂർ പഞ്ചായത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിർന്ന അംഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam