
പാലക്കാട്: വാണിയംകുളത്ത് സ്വന്തം പാർട്ടി പ്രവർത്തകരുടെ ക്രൂര മർദനത്തിന് ഇരയായ ഡിവൈഎഫ്ഐ പ്രവർത്തകൻ വിനേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി. വിനേഷിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. വിനേഷിൻ്റെ സംഭാഷണത്തിൽ അൽപം കൂടി വ്യക്തത വന്നാൽ വീണ്ടും മൊഴിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണ സംഘത്തിൻ്റെ ഇതുവരെയുള്ള കണ്ടെത്തലുകൾ ശരിവെക്കുന്നതാണ് വിനേഷ് നൽകിയ മൊഴി എന്നാണ് വിവരം.
ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂർ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരാണ് വിനേഷിനെ ആക്രമിച്ചത്. ഇവരെ പാർട്ടിയിൽ നിന്നും സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിനേഷിനെ ആക്രമിച്ചതിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സിപിഎം ഒറ്റപ്പാലം ഏരിയ സെക്രട്ടറി പ്രതികരിച്ചത്.
ഫെയ്‌സ്ബുക്കിൽ ഡിവൈഎഫ്ഐയുടെ പരിപാടിയെ വിമർശിച്ച് കമൻ്റ് ഇട്ടതിൻ്റെ പേരിലാണ് വിനേഷിനെ മർദിച്ചത്. ഡിവൈഎഫ്ഐ നടത്തുന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി. രാകേഷ് ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെ ഇത്തരം പരിപാടികൾ കൊണ്ട് ജനങ്ങൾക്ക് എന്തുപകാരം എന്ന് ചോദിച്ച് പനയൂർ സ്വദേശിയും ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റിയംഗവുമായ വിനേഷ് കമന്റിട്ടു. ഇതിൽ പ്രകോപിതരായാണ് ബ്ലോക്ക് സെക്രട്ടറി രാകേഷിന്‍റെ നേതൃത്വത്തിൽ ആറംഗ സംഘം വിനേഷിനെ മർദിച്ചത്.
വാണിയംകുളം ചന്തയ്ക്ക് സമീപത്തും പനയൂരിൽ വച്ചും വിനേഷിനെ സംഘം ക്രൂരമായി ആക്രമിച്ചു. തലയ്ക്കും ശരീരത്താകെയും പരുക്കേറ്റ വിനേഷിനെ ആരോ ഓട്ടോറിക്ഷയിൽ വീട്ടുമുറ്റത്ത് എത്തിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചുവെന്ന് വിനേഷ് ബന്ധുക്കളെ അറിയിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം ഹാരിസ്, കൂനത്തറ മേഖല കമ്മിറ്റി ഭാരവാഹികളായ സുർജിത്, കിരൺ എന്നിവർ കോഴിക്കോട് വെച്ച് പൊലീസിന്റെ പിടിയിലായിരുന്നു. സഹപ്രവർത്തകരുടെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ വിനേഷ് വെന്‍റിലേറ്ററിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam