വാണിയപ്പാറയിലെ ദുരൂഹത; ആ മൃതദേഹം സിജോയുടേതോ?ഒരു കല്ലറയിൽ രണ്ട് മൃതദേഹം കണ്ട സംഭവം; സംശയവുമായി വിലങ്ങാട് സ്വദേശിയുടെ ബന്ധുക്കൾ

Published : Jun 22, 2026, 03:34 AM IST
deadbody

Synopsis

വാണിയപ്പാറ പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ കണ്ടെത്തിയ മൃതദേഹം, പത്ത് വർഷം മുൻപ് കാണാതായ സിജോ സ്കറിയയുടേതാണെന്ന് സംശയിക്കുന്നതായി കുടുംബം. 2020-ൽ ഭാര്യവീട്ടിൽ നിന്ന് കാണാതായ സിജോയുടെ തിരോധാനത്തിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല. മൃതദേഹത്തിൽ ഡിഎൻഎ പരിശോധന നടത്തണമെന്നാണ് കുടുംബം ഇപ്പോൾ ആവശ്യപ്പെടുന്നത്.

കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട മൃതദേഹം, പത്ത് വർഷം മുമ്പ് കാണാതായ കോഴിക്കോട് വിലങ്ങാട് വായാട് സ്വദേശി സിജോ സ്കറിയയുടേതാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തി. പൊതുകല്ലറയിൽ നേരത്തെ സംസ്കരിച്ച മൃതദേഹത്തിന് സമീപം പായയിൽ പൊതിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ പള്ളി വികാരി തന്നെ കല്ലറ തുറന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് സിജോയുടെ കുടുംബം രംഗത്തുവന്നത്.

2014-ൽ കുടുംബവുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സിജോ ഭാര്യക്കൊപ്പം അവരുടെ നാടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് പോയതായിരുന്നു. പിന്നീട് മാതാപിതാക്കളുമായോ ബന്ധുക്കളുമായോ സിജോ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. തുടർന്ന് 2020-ലാണ് സിജോയെ ഭാര്യവീട്ടിൽ നിന്നും കാണാതായെന്ന വിവരം ബന്ധുക്കൾ അറിയുന്നത്. അന്ന് കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ കല്ലറയിലുള്ള മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നാണ് സിജോയുടെ മാതാവ് ത്രേസ്യാമ്മ സ്കറിയയും കുടുംബവും ആവശ്യപ്പെടുന്നത്.

അതേസമയം, കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്നും സെമിത്തേരി നവീകരണത്തിനിടെ കല്ലറയുടെ നമ്പറുകൾ മാറിയതുമൂലമുള്ള ആശയക്കുഴപ്പമാണെന്നുമാണ് കരിക്കോട്ടക്കരി പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ കല്ലറയിൽ 2006-ലും 2015-ലും മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. 2015-ൽ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പായയിൽ പൊതിഞ്ഞാണ് സംസ്കരിച്ചതെന്നും ഇതിന്റെ ചിത്രങ്ങളും ബന്ധുക്കളുടെ മൊഴികളും പരിശോധിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. എങ്കിലും വിലങ്ങാട് നിന്നും പുതിയ പരാതി ഉയർന്ന പശ്ചാത്തലത്തിൽ ഈ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി 'അമ്മ'ക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം മാത്രം'; പ്രതികരണവുമായി ജ​ഗദീഷ്
വി.ഡി. സതീശന് ആദ്യ അ​ഗ്നിപരീക്ഷ; നിയമസഭയിൽ മദ്യവും ധാതുഖനനവും കത്തിക്കയറും, ബജറ്റിന്മേലുള്ള ചർച്ചക്ക് ഇന്ന് തുടക്കം