
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്റ്റJൻ സാം, എസ് ഐ ദീപക് ഉൾപ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. പ്രോസിക്യൂഷൻ അനുമതി ഉത്തരവ് നാളെ പുറത്തിറങ്ങും. അനുമതി ഉത്തരവ് ലഭിച്ചാൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ കസ്റ്റഡി മരണത്തിൽ ഏഴ് പൊലീസുകാരാണ് പ്രതികളായത്. ഏഴ് പേരെയും ഡിസംബറിൽ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. കുറ്റപത്രം തയ്യാറായെന്നും പൊലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സർക്കാർ അനുമതി വൈകാതെ തേടുമെന്നും അന്ന് അറിയിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് കേസിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഏപ്രിൽ ഒമ്പതിനാണ് ശ്രീജിത്ത് മരണത്തിന് കീഴടങ്ങിയത്. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര ക്ഷതത്തെ തുടർന്നായിരുന്നു മരണം. വാസുദേവന്‍റെ വീടാക്രമിച്ച കേസില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡിയില്‍ വച്ചുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam