
കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്ന നിയമസഭ മന്ദിരം സ്ഥിതി ചെയ്യുന്ന മണ്ഡലം, ഉയർന്ന സാക്ഷരതയുള്ള വോട്ടർമാർ, മാറിമറിയുന്ന സാമുദായിക സമവാക്യങ്ങൾ, ഇതാണ് 'വട്ടിയൂർക്കാവ്'. കേവലം 15 വർഷത്തെ മാത്രം പ്രായമുള്ള ഈ മണ്ഡലം ഇതിനോടകം തന്നെ കേരളത്തിന് സമ്മാനിച്ചത് അപ്രതീക്ഷിത രാഷ്ട്രീയ ട്വിസ്റ്റുകളാണ്. മൂന്നാം സ്ഥാനത്തുള്ളവർ ഒന്നാമതെത്തുകയും ഒന്നാമൻ മൂന്നാമതാകുകയും ചെയ്ത ചരിത്രമുള്ള വട്ടിയൂർക്കാവിൽ ഇക്കുറി പോരാട്ടം മുറുകുമ്പോൾ ഹൈ പ്രൊഫൈൽ നേതാക്കളുടെ സാന്നിധ്യം മണ്ഡലത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നു.
വട്ടിയൂർക്കാവിന്റെ രാഷ്ട്രീയ ചിത്രം ഏറ്റവും കൗതുകകരമായ ഒന്നാണ്. 2016-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടന്നത്. യുഡിഎഫിനായി കെ. മുരളീധരനും ബിജെപിക്കായി കുമ്മനം രാജശേഖരനും എൽഡിഎഫിനായി ടി.എൻ. സീമയും ഏറ്റുമുട്ടി. അന്ന് വിജയം കെ. മുരളീധരനൊപ്പമായിരുന്നു. കുമ്മനം രാജശേഖരൻ രണ്ടാമതെത്തിയപ്പോൾ, ഇടതുപക്ഷ സ്ഥാനാർത്ഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2019ൽ കെ മുരളീധരൻ വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചപ്പോൾ വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നു.
2016ല്‍ മൂന്നാമതായി പോയതിന്‍റെ ക്ഷീണം തീർക്കാൻ സിപിഎം നിയോഗിച്ചത് തിരുവനന്തപുരം മേയറെന്ന നിലയിൽ ജനപ്രിയനായ വി കെ പ്രശാന്തിനെ ആയിരുന്നു. ബിജെപിക്ക് വേണ്ടി എസ് സുരേഷ് മത്സരിച്ചപ്പോൾ കോൺഗ്രസിനായി മോഹൻകുമാര്‍ രംഗത്തിറങ്ങി. ഇത്തവണ വട്ടിയൂർക്കാവ് തുണച്ചത് തിരുവനന്തപുരത്തിന്‍റെ സ്വന്തം 'മേയർ ബ്രോ'യെ ആയിരുന്നു. കുമ്മനത്തിന് കിട്ടിയ വോട്ടുകൾ സമാഹരിക്കാൻ എസ് സുരേഷിന് സാധിക്കാതെ പോയതോടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് വീണു. 2021 എത്തിയപ്പോൾ വട്ടിയൂർക്കാവിൽ 2016-ൽ ഒന്നാമനായിരുന്ന യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ ഒന്നാം സ്ഥാനം പിടിച്ചടക്കി. ഈ മാറ്റമാണ് വട്ടിയൂർക്കാവിനെ പ്രവചനാതീതമായ മണ്ഡലമാക്കി മാറ്റുന്നത്.
കെ. മുരളീധരൻ എന്ന രാഷ്ട്രീയ നേതാവിന്റെ വളർച്ചയിൽ വട്ടിയൂർക്കാവിന് വലിയ പങ്കുണ്ട്. കെപിസിസി പ്രസിഡന്റും മന്ത്രിയുമായിരുന്നിട്ടുണ്ടെങ്കിലും മുരളീധരനെ ജനങ്ങൾക്കിടയിലെ കരുത്തനായ രാഷ്ട്രീയക്കാരനാക്കി മാറ്റിയത് ഈ മണ്ഡലമാണ്. മന്ത്രിയായിരിക്കെ എം.എൽ.എ ആവാൻ മത്സരിച്ച് പരാജയപ്പെട്ട ഏക നേതാവ് എന്ന പേരുദോഷം മുരളീധരനുണ്ടായിരുന്നു. എന്നാൽ 2011-ൽ വട്ടിയൂർക്കാവ് മണ്ഡലം രൂപീകൃതമായപ്പോൾ, ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ചെറിയാൻ ഫിലിപ്പിനെ പരാജയപ്പെടുത്തി മുരളീധരൻ മണ്ഡലം പിടിച്ചെടുത്തു. അതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ കരിയറിലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്.
2019-ൽ കെ. മുരളീധരൻ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. അവിടെയാണ് 'മേയർ ബ്രോ' എന്ന് ജനങ്ങൾ വിളിക്കുന്ന വി.കെ. പ്രശാന്തിനെ എൽഡിഎഫ് രംഗത്തിറക്കിയത്. തിരുവനന്തപുരം മേയറായിരിക്കെ പ്രശാന്ത് നടത്തിയ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത നൽകി. ശബരിമല വിഷയം കത്തിനിന്ന സമയമായിരുന്നിട്ടും, എൻഎസ്എസ് പരസ്യമായ നിലപാടുകൾ എടുത്തിട്ടും വോട്ടർമാർ പ്രശാന്തിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു. നായർ വോട്ടുകളുടെ ധ്രുവീകരണത്തിന് ബദലായി ന്യൂനപക്ഷ വോട്ടുകളും പിന്നാക്ക ഹിന്ദു വോട്ടുകളും പ്രശാന്തിലേക്ക് ഏകീകരിക്കപ്പെട്ടതാണ് അന്ന് കണ്ട കാഴ്ച.
ബിജെപിക്ക് മികച്ച സംഘടന സംവിധാനമുള്ള മണ്ഡലമാണിത്. ആർഎസ്എസിന്റെ ശക്തമായ സ്വാധീനമുണ്ടായിട്ടും വട്ടിയൂർക്കാവിൽ ബിജെപിക്ക് തിരിച്ചടിയാകുന്നത് പലപ്പോഴും ഹൈ പ്രൊഫൈൽ നേതാക്കൾ എതിർപക്ഷത്ത് മത്സരിക്കാൻ വരുന്നു എന്നതാണ്. ഇത്തവണ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് മുൻ ഡിജിപി ആർ. ശ്രീലേഖയെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിലെ വിജയം ആവർത്തിക്കാൻ ശ്രീലേഖയ്ക്ക് കഴിയുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. എങ്കിലും ബിജെപി അണികൾക്കിടയിൽ തന്നെ ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്.
ഏകദേശം 50 ശതമാനത്തോളം നായർ വോട്ടുകളുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. അതുകൊണ്ട് തന്നെ എൻഎസ്എസിന്‍റെ നിലപാടുകൾ ഇവിടെ നിർണ്ണായകമാണ്. 2021-ലെ തെരഞ്ഞെടുപ്പിൽ വീണ എസ്. നായർക്ക് വേണ്ടി യുഡിഎഫ് സംവിധാനം വേണ്ട രീതിയിൽ ചലിച്ചില്ല എന്നത് വലിയ പോരായ്മയായിരുന്നു. എന്നാൽ കെ. മുരളീധരൻ മടങ്ങിയെത്തുമ്പോൾ ചിത്രം മാറുന്നു. മുരളീധരന് വ്യക്തിപരമായ ബന്ധങ്ങളും സമാന്തരമായ ഒരു പാർട്ടി സംവിധാനവും മണ്ഡലത്തിലുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളും സർവീസ് പെൻഷനർമാരും മുരളീധരന്റെ കരുത്താണ്.
ഏഴ് വർഷമായി എംഎൽഎ ആയിരിക്കുന്ന വി.കെ. പ്രശാന്ത് 1865 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മണ്ഡലത്തിൽ പ്രതിഫലിക്കുന്നുണ്ട് എന്നാണ് പ്രതിപക്ഷ ആക്ഷേപം. യുവാക്കൾക്കിടയിൽ പ്രശാന്തിന് വലിയ സ്വാധീനമുണ്ടെങ്കിലും സിപിഎമ്മിന്റെ പ്രാദേശിക കമ്മിറ്റികൾ പലപ്പോഴും ദുർബലമാണെന്ന ആക്ഷേപമുണ്ട്. പ്രശാന്തിന്റെ വ്യക്തിഗതമായ കൂട്ടായ്മകളാണ് മണ്ഡലത്തിൽ ഇടതുപക്ഷത്തെ ചലിപ്പിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ വട്ടിയൂർക്കാവിൽ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപിയുടെ വോട്ടുകൾ എങ്ങോട്ട് മറിയും എന്നത് വിജയപരാജയങ്ങളെ സ്വാധീനിക്കും. കെ. മുരളീധരന്റെ രാഷ്ട്രീയ പരിചയസമ്പത്തും സാമുദായിക വോട്ടുകൾ സമാഹരിക്കാനുള്ള കഴിവും അദ്ദേഹത്തിന് നേരിയ മുൻതൂക്കം നൽകുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് മടങ്ങിയാൽ പ്രശാന്തിന് കടുത്ത വെല്ലുവിളിയാകും. തന്റെ വട്ടിയൂർക്കാവിലേക്ക് മുരളീധരൻ മടങ്ങിയെത്തുമ്പോൾ, വോട്ടർമാർ ആരെ തുണയ്ക്കുമെന്ന് കാണാൻ രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam