
തിരുവനന്തപുരം: വീണ്ടും വിദേശ പര്യടത്തിനൊരുങ്ങുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായക്കാലത്ത് കോടികൾ ചെലവാക്കി വിദേശ ടൂർ നടത്തുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരമാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സംസ്ഥാന സർക്കാർ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും സതീശൻ ആക്ഷേപിച്ചു.
വികസന പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ച് നില്‍ക്കുന്ന കടം എടുത്തിട്ടും എടുത്തിട്ടും തീരാത്ത പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുമ്പോള്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാനായി 125 കോടി അനുവദിക്കാന്‍ ഈ മുഖ്യമന്ത്രിക്കല്ലാതെ മറ്റാർക്കും തൊലിക്കട്ടി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. എന്തും ചെയ്യാം എന്ന ധിക്കാരമാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെന്നും സർക്കാർ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
Also Read: വീണ്ടും വിദേശയാത്രക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും
ലോക കേരള സഭയുടെ രണ്ടാം മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും യാത്രയ്ക്ക് ഒരുങ്ങുന്നത്. അമേരിക്കയിലെ സമ്മേളനം ജൂണിലാണ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബരിൽ സൗദി സമ്മേളനവും നടക്കും. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ യുകെ- യുറോപ്പ് മേഖല സമ്മേളനം ലണ്ടനിൽ നടത്തിയിരുന്നു. ഇതിൽ മുഖ്യമന്ത്രിയടക്കം പങ്കെടുത്തിരുന്നു.