
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും റാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എ.ഡി.ജി.പി കണ്ടത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായല്ലേ എഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ സന്ദര്‍ശിച്ചതെന്നും ബിജെപിയെ സഹായിക്കാനാണ് മുഖ്യമന്ത്രി തൃശൂര്‍ പൂരം കലക്കിയതെന്നും സതീശൻ ആരോപിച്ചു. എല്‍ഡിഎഫിലെ ഘടകകക്ഷികളും എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്, കോവളത്ത് റാം മാധവ് - എ.ഡി.ജി.പി കൂടിക്കാഴ്ച നടന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ആരൊക്കെ, പത്ത് ദിവസമായി ഒരു സിപിഎം എം.എല്‍.എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്ന പ്രധാന ചോദ്യങ്ങളും സതീശൻ ഉന്നയിച്ചു.
പ്രകാശ് ജാവദേദ്ക്കറെ കണ്ടതിന്റെ പേരിലല്ലേ ഇ.പി ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. അങ്ങനെയെങ്കില്‍ കേരളത്തിലെ ബി.ജെ.പി ചുമതലയുള്ള പ്രഭാരിയായ ജാവദേദ്ക്കറെ നാലും അഞ്ചും തവണ കണ്ടെന്നു പരസ്യമായി സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെയല്ലേ ആദ്യം പുറത്താക്കേണ്ടിയിരുന്നതെന്നും ആര്‍.എസ്.എസ് നേതാക്കളെ നിരന്തരം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുന്ന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ സംരക്ഷിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam