
തിരുവനന്തപുരം: നാല് പോലീസുകാരെ സസ്പെൻഡ് ചെയ്ത് ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് നേതൃത്വം നൽകിയ നരാധമന്മാരെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപ്പോഴത്തെ തീരുമാനത്തെ ചെറിയൊരു നടപടിയായി മാത്രമേ കാണാനാകൂ. മാത്രമല്ല ഈ നടപടി രണ്ട് വർഷം മുൻപ് സ്വീകരിക്കേണ്ടതായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ശേഷവും സർക്കാർ പൊലീസുകാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സുജിത്തിനെ ക്രൂരമായി മർദ്ദിച്ച മുൻ പൊലീസ് ഡ്രൈവറെ സർക്കാർ ഇപ്പോഴും ചേർത്ത് പിടിക്കുന്നത് ആർക്കു വേണ്ടിയാണ്? കൊടുംക്രൂരത കാട്ടിയ അഞ്ച് ക്രിമിനലുകളെയും സർവീസിൽ നിന്ന് പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കണ്ണില്ലാത്ത ക്രൂരത കാട്ടിയ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ യു.ഡി.എഫ് സമരം തുടരുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജിത്തിനെ കസ്റ്റഡിയിലെടുത്ത് മർദിച്ച നാല് പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. പ്രതികളായ എസ് ഐ നുഹ്മാൻ , സിപി ഒമാരായ ശശിധരൻ, കെജെ സജീവൻ, എസ് സന്ദീപ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്ത് ഉത്തരവിറങ്ങിയത്.
2023 ഏപ്രിൽ 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോൾ അത് ചോദ്യം ചെയ്തതിനാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായ വി.എസ്. സുജിത്തിനെ കസ്റ്റഡിയിലെടുത്തത്. കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് നാല് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് സുജിത്തിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദമായത്. എസ്.ഐ. നൂഹ്മാൻ, സി.പി.ഒ.മാരായ സജീവൻ, എസ്. സന്ദീപ്, സീനിയർ സി.പി.ഒ. ശശീന്ദ്രൻ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ സുജിത്തിന് കേൾവിക്ക് തകരാർ സംഭവിച്ചിരുന്നു.
സുജിത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നത്. പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. സുജിത്തിന് മർദ്ദനമേറ്റതായി കോടതിയും മനുഷ്യാവകാശ കമ്മീഷനും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam