
തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിനെതിരെ നിയമസഭയിൽ നടത്തിയ ‘മന്ത്രി പച്ചക്കള്ളം പറയുന്നു’വെന്ന പരാമർശം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പിൻവലിച്ചു. സർക്കാരിനെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പ്രകീർത്തിച്ചുവെന്ന് ഭക്ഷ്യമന്ത്രി സഭയിൽ പറഞ്ഞതോടെയാണ് മന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന് കഴിഞ്ഞ ദിവസം സതീശൻ പറഞ്ഞത്. മുതിർന്ന അംഗം മാത്യു ടി. തോമസിൻ്റെ ഇടപെടലിനെത്തുടർന്ന് തൻ്റെ ഭാഗത്തുണ്ടായ തെറ്റ് അംഗീകരിച്ച സതീശൻ, പച്ചക്കള്ളം പറയുന്നുവെന്ന വാക്ക് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും മന്ത്രിയോടും സഭയോടും ക്ഷമാപണം നടത്തുകയും ചെയ്തു.
പറവൂരിൽ ഓണച്ചന്ത ഉദ്ഘാടനം ചെയ്യുന്ന വേളയിൽ സതീശൻ സർക്കാരിനെ പ്രകീർത്തിച്ചുവെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പരാമർശം. സർക്കാരിനെ പ്രകീർത്തിച്ച് സംസാരിച്ചിട്ടില്ലെന്നും സപ്ലെയ്കോയുടെ പ്രസക്തിയെ കുറിച്ചാണ് പറവൂരിലെ പരിപാടിക്കിടെ പറഞ്ഞതെന്നും വി ഡി സതീശൻ വ്യക്തമാക്കി.' മന്ത്രി പച്ചക്കള്ളം പറയുന്നുവെന്ന നേരത്തെ അടിയന്തര പ്രമേയ ചർച്ചക്കിടെ പറഞ്ഞത് പിൻവലിക്കുന്നു. അന്നേരത്തെ വികാര വിക്ഷോഭത്തിലാണ് അത്തരമൊരു വാക്ക് ഉപയോഗിച്ചത്. പച്ചക്കള്ളം എന്ന വാക്ക് അൺപാർലമെന്ററിയാണെന്നും ആ വാക്ക് ഉപയോഗിക്കേണ്ടി വന്നതിൽ സഭയോട് ക്ഷമ ചോദിക്കുന്നുവെന്നും' പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിന്റെ തിരുത്ത് അനുകരണീയ മാതൃകയെന്ന് സ്പീക്കർ എ എൻ ഷംസീറും പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam